സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകാൻ അനുമതി; നിയമം പ്രാബല്യത്തിൽ
text_fieldsദുബൈ: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകുന്നവരും ഉള്ളടക്ക നിർമാതാക്കളും ബന്ധപ്പെട്ട അതോറിറ്റിയിൽനിന്ന് അനുമതി വാങ്ങണമെന്ന നിയമം ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിലായി. പണം നൽകിയും അല്ലാതെയും സമൂഹമാധ്യമങ്ങൾ, വെബ്സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകൾ വഴി നൽകുന്ന എല്ലാത്തരം പ്രമോഷനുകൾക്കും അനുമതി നിർബന്ധമാണ്. സുതാര്യവും വിശ്വസനീയവും പ്രഫഷനലുമായ പരസ്യമേഖല ഉറപ്പുവരുത്തുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
യു.എ.ഇയിൽ പ്രവർത്തിക്കുന്ന മുഴുവൻ പരസ്യദാതാക്കൾ, യു.എ.ഇ സന്ദർശിക്കുന്ന ഉള്ളടക്ക നിർമാതാക്കൾ (സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ), പണം വാങ്ങിയും സൗജന്യമായും ഉൽപന്നങ്ങളോ സേവനങ്ങളോ ഉള്ളടക്കങ്ങളോ പ്രമോട്ട് ചെയ്യുന്നവർ എന്നിവരെല്ലാം യു.എ.ഇ മീഡിയ കൗൺസിലിൽനിന്ന് അനുമതി വാങ്ങണം. പരസ്യദാതാക്കൾക്ക് ബന്ധപ്പെട്ട അതോറിറ്റിയിൽനിന്നുള്ള സാധുവായ ലൈസൻസുണ്ടെന്ന് സ്ഥാപനങ്ങൾ വ്യക്തത വരുത്തണം. ഇതിൽ വീഴ്ചവരുത്തിയാൽ ശക്തമായ പിഴക്കും നിയമനടപടികൾക്കും ഇടയാക്കുമെന്നും യു.എ.ഇ മീഡിയ കൗൺസിൽ മുന്നറിയിപ്പ് നൽകി. ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. യു.എ.ഇയിൽ താമസിക്കുന്നവരും പൗരന്മാരും ഇലക്ട്രോണിക് മാധ്യമങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടിയിരിക്കണം. മികച്ച ഉള്ളടക്കം ഉണ്ടായിരിക്കണം. അതോടൊപ്പം മുമ്പ് മാധ്യമരംഗത്ത് നിയമലംഘനം ഉണ്ടാവാനും പാടില്ല.
ലൈസൻസുള്ള പരസ്യ ഏജൻസികളിൽ രജിസ്റ്റർ ചെയ്ത ഉള്ളടക്ക നിർമാതാക്കൾക്ക് സന്ദർശന പെർമിറ്റ് ലഭ്യമാകും. സമൂഹമാധ്യമ പ്രഫൈലുകളിൽ പെർമിറ്റ് നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി മാത്രമാണ് പരസ്യങ്ങൾ പോസ്റ്റ് ചെയ്യാവൂ. സ്പെഷൽ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങണം. പരസ്യങ്ങൾ സത്യമായിരിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം.
യു.എ.ഇ പൗരൻമാർക്കും താമസക്കാർക്കും മീഡിയ കൗൺസിൽ വെബ്സൈറ്റ് വഴി പെർമിറ്റിന് അപേക്ഷിക്കാം. സന്ദർശകർ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അംഗീകൃത ഏജൻസികൾ വഴിയാണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്. പൗരന്മാർക്കും താമസക്കാർക്കും ഒരുവർഷത്തേക്കും സന്ദർശകർക്ക് മൂന്നുമാസത്തേക്കുമാണ് പെർമിറ്റ് അനുവദിക്കുക. സ്വന്തം ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിർമിച്ച വ്യക്തിപരമായ അക്കൗണ്ടുകൾ, 18 വയസ്സിന് താഴെയുള്ളവർ നിർമിച്ച വിദ്യാഭ്യാസം, സാംസ്കാരികം, കായികം, ബോധവത്കരണ ഉള്ളടക്കം എന്നിവക്കായുള്ള അക്കൗണ്ടുകൾ എന്നിവക്ക് പെർമിറ്റ് ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

