പുരോഗമന മുന്നേറ്റത്തിന്റെ മൂന്നാം ഊഴം ജനം ആഗ്രഹിക്കുന്നു -എം. മുകുന്ദൻ
text_fieldsഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026ന്റെ സമാപന സമ്മേളനം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മുമ്പില്ലാത്തവിധം ധ്രുവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന വർത്തമാന രാഷ്ട്രീയ കാലത്ത് കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച ആവശ്യമാണെന്ന് എം. മുകുന്ദൻ പറഞ്ഞു. ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സാംസ്കാരിക പ്രവർത്തകർ പ്രചരിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് യോഗത്തിൽ മുഖ്യാതിഥിയായിരുന്ന കരിവെള്ളൂർ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യാവകാശത്തോടുമുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15ന് വൈകീട്ട് എട്ടിന് ഹാംപ്ടൺ ഇന്റർനാഷനൽ സ്കൂൾ വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ ഒ.എൽ.എഫിലെ പ്രധാന പ്രഭാഷകരായി ക്ഷണിക്കപ്പെട്ട എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ, കവി മ്യൂസ് മേരി ജോർജ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ‘ഓർമ-ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരങ്ങൾ’ സമ്മാനിച്ചു.
14, 15 തീയതികളിലായി നടന്ന സാഹിത്യ ചർച്ചകൾ, സാംസ്കാരിക സംവാദങ്ങൾ എന്നിവയിൽ യു.എ.ഇയിൽ നിന്നുള്ള നിരവധി പ്രവാസി മലയാളി എഴുത്തുകാരും സാഹിത്യ-സാംസ്കാരിക പ്രവർത്തകരും സജീവമായി പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്, ഒ.എൽ.എഫ് ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സാഹിത്യ വിഭാഗം കൺവീനർ അംബു സതീഷ് നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

