പ്രേക്ഷകരുടെ കൈയടിനേടി ‘പെണ്നടന്’
text_fieldsസന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിച്ച ‘പെണ്‍നടനി’ല്‍ നിന്ന്
അബൂദബി: സ്ത്രീയായി വേഷമിടേണ്ടി വന്ന ഒരു മഹാനടന്റെ ജീവിതത്തിലെയും നാടകത്തിലെയും സംഘര്‍ഷ ഭരിതമായ അനുഭവം ‘പെണ്‍നടനി’ലൂടെ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അബൂദബിയുടെ നാടക ചരിത്രത്തില്‍ ഇതിഹാസ സമാനമായ ഒരു ചരിത്രം കൂടിയാണ് എഴുതിച്ചേര്‍ത്തത്.
നൂറിലേറെ വേദികള്‍ പിന്നിട്ട് അബൂദബിയിലെത്തിയ ‘പെണ്നടന്’ കേരള സോഷ്യല്‍ സെന്ററില്‍ നാടക പ്രവര്‍ത്തകനും ചലച്ചിത്ര അഭിനേതാവുമായ സന്തോഷ് കീഴാറ്റൂരാണ് അവതരിപ്പിച്ചത്. അബൂദബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കിയത്. സ്ത്രീകള്‍ അരങ്ങില്‍ കയറാന്‍ മടിച്ച കാലത്ത് പെണ്‍വേഷം കെട്ടിയാടിയ മഹാനടന് ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം സന്തോഷ് കീഴാറ്റൂര്‍ ഏകാംഗമായി അഭിനയിച്ചു തീര്‍ത്തപ്പോള്‍ ഒന്നര മണിക്കൂര്‍ നേരം സദസ്സും നാടകത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ആധുനിക നാടക സങ്കേതത്തിന്റെ സഹായത്തോടെയാണ് ‘പെണ്നടന്’ അരങ്ങിലെത്തിയത്.
നാടകത്തിന്റെ രചന നിര്‍വഹിച്ചത് സുരേഷ് ബാബു ശ്രീസ്ഥയും സന്തോഷ് കീഴാറ്റൂരും ചേര്‍ന്നാണ്. നാടകത്തിന്റെ മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഗണേഷ് ബാബു, അജയകുമാര്‍, ശക്തി ജനറല്‍ സെക്രട്ടറി സി.എല്‍. സിയാദ്, കലാവിഭാഗം സെക്രട്ടറി അജിന് പൊത്തേര എന്നിവർ സംസാരിച്ചു.

