റമദാനിൽ സാധനങ്ങൾക്ക് വില വർധിപ്പിച്ചാൽ പിഴ
text_fieldsദുബൈ: റമദാനിൽ അവശ്യവസ്തുക്കളുടെ വില വർധിക്കില്ലെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. റമദാനിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കുന്നതിനും അന്യായമായി വില വർധിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരീക്ഷണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
പാചക എണ്ണ, മുട്ട, പാലുൽപന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, പയറുവർഗങ്ങൾ, ബ്രഡ്, ഗോതമ്പ് എന്നിവ ഉൾപ്പെടെയുള്ള ഒമ്പത് അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില വർധനക്കാണ് നിയന്ത്രണം.
പ്രതിദിന പരിശോധനയുമായി റമദാനിലുടനീളം പരിശോധന കാമ്പയിൻ തുടരുമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി ബുധനാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചു. കഴിഞ്ഞ വർഷമാണ് അവശ്യവസ്തുക്കളുടെ ചെറുകിട വിൽപന വിലയുമായി ബന്ധപ്പെട്ട പുതിയ നയം മന്ത്രാലയം അവതരിപ്പിച്ചത്. ഇതുപ്രകാരം അവശ്യവസ്തുക്കൾക്ക് തുടർച്ചയായി വിലവർധിപ്പിക്കുന്നതിന് ചുരുങ്ങിയത് ആറു മാസത്തെ ഇടവേള വേണം. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിരുന്നു ഈ നിർദേശം.
മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ചെറുകിട കച്ചവടക്കാർ ഒമ്പത് അവശ്യ വസ്തുക്കൾക്ക് അന്യായമായി വില വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പുവവരുത്താൻ നിരീക്ഷണത്തിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമും അധികൃതർ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഈ പ്ലാറ്റ്ഫോമിലൂടെ 377 പരാതികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. ഇതിൽ 30 ശതമാനവും വിജയകരമായി പരിഹരിക്കാനും സാധിച്ചു.
അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില മന്ത്രാലയം ദിവസേന വിശകലനം ചെയ്യുമെന്നും വില ഉയർന്നാൽ അത് പരിഹരിക്കുന്നതിന് ചില നടപടിക്രമങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് അന്യായമായി വില വർധിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 8001222ൽ ജനങ്ങൾ പരാതി നൽകണം. ബില്ലുള്ള വസ്തുക്കൾ വാങ്ങുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വാങ്ങിയ സാധനങ്ങളുമായി ബിൽ ഒത്തുനോക്കുന്നത് ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തുന്നതിനുള്ള വഴിയാണ്. പരിശോധകരുമായി ആശയവിനിമയം നടത്താനും അവരുമായി ബന്ധപ്പെടാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

