ദുബൈയിൽ കാൽനടയാത്രക്ക് മേൽപാലങ്ങൾ; 2030ഓടെ 31 പുതിയ നടപ്പാലങ്ങൾ
text_fieldsദുബൈ: നഗരത്തിലെ പ്രധാന ജനവാസ മേഖലകളെയും സാമ്പത്തിക-വിനോദസഞ്ചാര കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി 31 പുതിയ കാൽനടപ്പാലങ്ങളും തുരങ്കങ്ങളും 2030ഓടെ യാഥാർഥ്യമാകും. ഇവ നിർമിക്കുന്നതിനുള്ള 2026–2030 പഞ്ചവത്സര പദ്ധതിക്ക് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി. ജനസാന്ദ്രത, പൊതുഗതാഗത സ്റ്റേഷനുകളുമായുള്ള ബന്ധം എന്നിവ മുൻനിർത്തി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പാലങ്ങൾക്കായുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ദുബൈയെ കാൽനട-സൈക്കിൾ സൗഹൃദ നഗരമാക്കുക എന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ഈ വിപുലീകരണമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്തർ അൽ തായർ സ്ഥിരീകരിച്ചു. ശൈഖ് സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് തുടങ്ങി നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലാണ് വരും വർഷങ്ങളിൽ ഈ അത്യാധുനിക പാലങ്ങൾ ഉയരുക.
യാത്രാസുരക്ഷ ഉറപ്പാക്കുന്നതിൽ ദുബൈ കൈവരിച്ച പുരോഗതിയുടെ കണക്കുകളും ആർ.ടിഎ പുറത്തുവിട്ടു. എമിറേറ്റിലെ കാൽനടപ്പാലങ്ങളുടെയും തുരങ്കങ്ങളുടെയും എണ്ണം 2006ൽ വെറും 26 ആയിരുന്നത് 2025ഓടെ 178 ആയി വർധിച്ചിട്ടുണ്ട്. 585 ശതമാനം ആണ് വർധന. ഇതിന്‍റെ ഫലമായി 2007ൽ പ്രതിവർഷം ഒരു ലക്ഷം പേരിൽ 9.5 ആയിരുന്ന കാൽനടയാത്രക്കാരുടെ മരണനിരക്ക്, 2025ൽ 0.22 ആയി കുറക്കാൻ കഴിഞ്ഞു. മരണനിരക്കിൽ 98 ശതമാനത്തിന്‍റെ വൻ കുറവാണുണ്ടായത്. നിലവിലെ യാത്രാ, അടിസ്ഥാന സൗകര്യങ്ങളിൽ 88 ശതമാനം താമസക്കാരും പൂർണ സംതൃപ്തരാണെന്നും അധികൃതർ വ്യക്തമാക്കി. സൈക്കിൾ, ഇ-സ്കൂട്ടർ എന്നിവയുടെ ഉപയോഗത്തിൽ വലിയ വർധനവാണ് നഗരത്തിൽ രേഖപ്പെടുത്തുന്നത്. കാൽനടയാത്രക്കാരുടെ യാത്രകൾ 2023ലെ 307 ദശലക്ഷത്തിൽ നിന്നും 2025ൽ 326 ദശലക്ഷമായി ഉയർന്നു. സൈക്കിൾ യാത്രകൾ 2024ലെ 46.6 ദശലക്ഷത്തിൽ നിന്നും 2025ൽ 57.3 ദശലക്ഷമായി (23 ശതമാനം) വർധിച്ചു. താമസക്കാർക്ക് അവരുടെ യാത്രകളുടെ ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കാൻ ഇത്തരം സംയോജിത പാതകൾ വലിയ തോതിൽ പ്രചോദനമേകുന്നുണ്ടെന്ന് മത്തർ അൽ തായർ ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ ഭാഗമായി മനോഹരമായ വാസ്തുവിദ്യാ ശൈലിയിലുള്ള മൂന്ന് പാലങ്ങളുടെ നിർമാണം ആർ.ടി.എ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. അൽ സുഫൂഹ്, ദുബൈ ഹിൽസ്, ബർഷ തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിച്ച് ശൈഖ് സായിദ് റോഡിലും (528 മീറ്റർ) അൽ ഖൈൽ റോഡിലും (501 മീറ്റർ) നിർമിച്ച പാലങ്ങളിൽ സൈക്കിളുകൾക്കായി പ്രത്യേക ട്രാക്കുകൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ അൽ ഖൂസ് ക്രിയേറ്റീവ് സോണിലെ അൽ മനാര സ്ട്രീറ്റിൽ ഈ മേഖലയുടെ ദൃശ്യഭംഗിയോട് യോജിക്കുന്ന രീതിയിൽ 45 മീറ്റർ നീളമുള്ള മറ്റൊരു പാലവും തുറന്നുകൊടുത്തു. നിലവിൽ മറ്റ് മൂന്ന് വൻകിട പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് കുറുകെ മുഹൈസിനയെയും അൽ തവാറിനെയും ബന്ധിപ്പിക്കുന്ന 554 മീറ്റർ നീളമുള്ള പാലവും, ദുബൈ-അൽ ഐൻ റോഡിന് കുറുകെ ലിവാന്‍റെയുടെയും സിലിക്കൺ ഒയാസിസിന്‍റെയും ഇടയിലുള്ള 730 മീറ്റർ നീളമുള്ള പാലവും ഇതിൽ ഉൾപ്പെടുന്നു. മൂന്നാമത്തെ പാലം അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസനത്തിന്‍റെ ഭാഗമായി അൽ സുഖൂഖ് സ്ട്രീറ്റിലാണ് നിർമിക്കുന്നത്. ലിഫ്റ്റുകളും ആധുനിക നിരീക്ഷണ സംവിധാനങ്ങളുമുള്ള ഈ പാലം 2027ഓടെ പൂർത്തിയാകും. ട്രാഫിക് അപകട മരണങ്ങൾ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുരക്ഷാ പദ്ധതികളെല്ലാം ആർ.ടി.എ നടപ്പാക്കുന്നത്.
അബൂദബിയിൽ 25 മേൽപാലങ്ങളും 38 തുരങ്കപാതകളും നവീകരിക്കുന്നു
അബൂദബി: നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷയും സുഗമമായ സഞ്ചാരവും ഉറപ്പാക്കുന്നതിനായി വിപുലമായ നവീകരണ പ്രവർത്തനങ്ങളുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ജീവിതനിലവാരം ഉയർത്തുക, സുരക്ഷിതവും സുസ്ഥിരവുമായ യാത്രാമാർഗമെന്ന നിലയിൽ കാൽനടയാത്ര പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ അബൂദബി നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ അബൂദബി നഗരസഭയുടെ കീഴിലുള്ള 25 കാൽനട മേൽപ്പാലങ്ങൾ, 38 തുരങ്കപ്പാതകൾ , 16 ഗോവണികൾ, 46 ലിഫ്റ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിപുലമായ അറ്റകുറ്റപ്പണികളും പ്രവർത്തനക്ഷമത ഉറപ്പാക്കലും നടക്കുന്നത്. ദിവസേന ആയിരക്കണക്കിന് താമസക്കാരും സന്ദർശകരും ഉപയോഗിക്കുന്ന ഈ സംവിധാനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി കൂടുതൽ മികച്ചതാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാനും പാർപ്പിട മേഖലകളെയും പ്രധാന പൊതുഇടങ്ങളെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കാനും ഈ നവീകരണത്തിലൂടെ സാധിക്കും. ഇതിനായി കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും പ്രതിരോധ അറ്റകുറ്റപ്പണികളും നഗരസഭ ഉറപ്പാക്കുന്നുണ്ട്. കേടുപാടുകൾ ഉടനടി പരിഹരിക്കുന്നതിനായി പ്രത്യേക ദ്രുതകർമസേനയെയും നിയോഗിച്ചിട്ടുണ്ട്. കാൽനടയാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നഗര ഭംഗി വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും ആകർഷകമായ അന്തരീക്ഷവും ഒരുക്കുന്നതിനായി ഊർജക്ഷമതയേറിയ ആധുനിക അലങ്കാര ലൈറ്റിങ് സംവിധാനങ്ങൾ പാലങ്ങളിലും തുരങ്കങ്ങളിലും സ്ഥാപിച്ചുവരികയാണ്.
ഹ്രസ്വദൂര യാത്രകൾക്കായി വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും കാൽനടയാത്ര പ്രോത്സാഹിപ്പിക്കാനും ആധുനിക കാൽനട സൗകര്യങ്ങൾ സഹായിക്കുമെന്നും, ഇത് കാർബൺ പുറന്തള്ളൽ കുറക്കുന്നതിനൊപ്പം ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മേഖലയിലെ ഏറ്റവും സുരക്ഷിതവും ജീവിക്കാൻ അനുയോജ്യവുമായ നഗരങ്ങളിലൊന്നായി അബൂദബിയെ നിലനിർത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

