സമാധാന ഉച്ചകോടിക്ക് ദുബൈയിൽ സമാപനം
text_fieldsദുബൈ എക്സ്പോ സിറ്റിയിൽ നടന്ന സമാധാന ഉച്ചകോടി
ദുബൈ: ‘ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ് സമ്മിറ്റ്’ എന്ന പേരിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടിക്ക് ദുബൈ എക്സ്പോ സിറ്റിയിൽ സമാപനം. 12 നോബൽ സമാധാന സമ്മാന ജേതാക്കൾ, രാജകുടുംബങ്ങൾ, രാഷ്ട്രത്തലവന്മാർ, ചീഫ് ജസ്റ്റിസുമാർ, ബിസിനസ് നേതാക്കൾ, മത-ആത്മീയ ആചാര്യന്മാർ, സ്പോർട്സ് ചാമ്പ്യന്മാർ, സിനിമാ താരങ്ങൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.
ലോകത്ത് നീതി, സ്നേഹം, സമാധാനം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചത്. ഉച്ചകോടിയുടെ ഭാഗമായി ‘വൺ പ്ലാനെറ്റ്, വൺ വോയ്സ്: ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ്’ എന്ന വിഷയത്തിൽ ഒരുക്കുന്ന ചർച്ചയിലാണ് 12 നോബൽ സമാധാന സമ്മാന ജേതാക്കൾ സംബന്ധിച്ചത്.
ആദ്യദിനത്തെ സെഷനിൽ പോളണ്ട് മുൻ പ്രസിഡന്റും സമാധാന സമ്മാന ജേതാവുമായ ലെക് വലേസ സംസാരിച്ചു. സമാധാനം, നീതി, പങ്കിടുന്ന മാനുഷിക മൂല്യങ്ങൾ എന്നിവ അടിസ്ഥാനമായ പുതിയ ലോക ക്രമത്തിന്റെ ആവശ്യകതയുണ്ടെന്ന് വലേസ പറഞ്ഞു.
യു.എ.ഇയിലെ പ്രമുഖ പാർലമെന്റേറിയനും വിദ്യാഭ്യാസ വിദഗ്ധനും പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാനുമായ ഡോ. അലി റാശിദ് അൽ നുഐമിയാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.
ഉച്ചകോടിയുടെ സംഘാടകരായ ‘അയാം പീസ് കീപ്പർ മൂവ്മെന്റ്’ ചെയർമാൻ ഡോ. ഹുസൈഫ ഖൊറാക്കിവാല, അഭിഭാഷകനും തുനീഷ്യൻ മനുഷ്യാവകാശ പ്രവർത്തകനും 2015ലെ സമാധാന നോബൽ സമ്മാന ജേതാവുമായ അബ്ദിൽ സത്താർ ബിൻ മൂസ, മൗറീഷ്യസ് റിപബ്ലിക് മുൻ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, 2016ലെ റിയോ പാരാലിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ഡോ. ദീപ മാലിക്, ബ്രിട്ടീഷ്-യു.എ.ഇ ആർട്ടിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ അലക്സാണ്ടർ ജാഫ്രി, ശ്രീലങ്കൻ നോബൽ സമ്മാന ജേതാവ് പ്രഫ. മോഹൻ മുനാസിംഗെ ദേശ്മാന്യ തുടങ്ങിയവരും വിവിധ സെഷനുകളിൽ പങ്കെടുത്തു.
നീതി, സ്നേഹം, സമാധാനം എന്നിവയുടെ മാർഗനിദേശ തത്വങ്ങളായി ‘സമാധാന ചാർട്ടർ: മാനവികതക്കുള്ള സ്നേഹ ലേഖനം’ എന്ന പ്രഖ്യാപനത്തോടെയാണ് ഉച്ചകോടി സമാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.