പി.സി.ആർ ഫലം കിട്ടാൻ വൈകുന്നു; യാത്രക്കാർ ശ്രദ്ധിക്കണം
text_fieldsദുബൈ: പി.സി.ആർ പരിശോധനകൾക്ക് യു.എ.ഇയിൽ തിരക്കേറിയതോടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള യാത്രക്കാർ പരമാവധി നേരത്തെ പരിശോധന നടത്തിയില്ലെങ്കിൽ യാത്രക്ക് തടസ്സമാകാൻ സാധ്യത. 72 മണിക്കൂറിനിടയിലെ പി.സി.ആർ ഫലമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ആവശ്യം. എന്നാൽ മറ്റു ചില രാജ്യങ്ങളിലേക്ക് 48 മണിക്കൂറിനിടയിലെ ഫലം ആവശ്യമാണ്. യാത്ര പോകുന്നവർ പരിശോധന അവസാന നിമിഷങ്ങളിലേക്ക് മാറ്റിവെച്ചാൽ ഫലം കിട്ടാൻ വൈകുന്ന സാഹചര്യം പല സ്ഥലങ്ങളിലുമുണ്ട്. ചില എമിറേറ്റുകളിൽ സ്കൂൾ പ്രവേശനത്തിനും സർക്കാർ ഓഫിസുകളിലെ പ്രവേശനത്തിനും പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് പരിശോധന കേന്ദ്രങ്ങളിൽ തിരക്കായത്. ചിലയിടങ്ങളിൽ പി.സി.ആർ പരിശോധന കേന്ദ്രങ്ങളിൽ നീണ്ട വരി ദൃശ്യമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കായി പി.സി.ആർ ടെസ്റ്റിനെത്തിയ പലർക്കും 48 മണിക്കൂറിനിടയിൽ ഫലം നൽകാൻ കഴിയില്ലെന്ന മറുപടി ലഭിച്ചു. പരിശോധനയുടെ തിരക്കു കാരണമാണ് ഇത്തരത്തിൽ ലാബ് അധികൃതർ പ്രതികരിച്ചത്. അതിനാൽ യാത്ര ചെയ്യുന്നവർ പരമാവധി നേരത്തെ ടെസ്റ്റ് നടത്തിയില്ലെങ്കിൽ ഫലം ലഭിക്കാതെ യാത്ര മുടങ്ങാൻ സാധ്യതയുണ്ട്. പല ലാബുകൾ കയറിയിറങ്ങിയ ശേഷമാണ് കഴിഞ്ഞ ദിവസം പല യാത്രക്കാർക്കും നിശ്ചിത സമയത്തെ പി.സി.ആർ ഫലം ലഭിച്ചത്. തിരക്കുകുറഞ്ഞ പരിശോധന കേന്ദ്രങ്ങളെ സമീപിക്കുന്നതാണ് ഉചിതമെന്നാണ് അനുഭവസ്ഥർ അഭിപ്രായപ്പെടുന്നത്.
അടിയന്തരാവശ്യക്കാർക്ക് കൂടുതൽ ദുരിതമാകും
ദുബൈ: അടിയന്തരമായി പോകുന്നവർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന ഇളവ് ഒഴിവാക്കിയ നടപടി പിൻവലിച്ചിട്ടില്ലാത്തതിനാൽ, പി.സി.ആർ ഫലം വൈകുന്നത് ഇത്തരക്കാർക്ക് കൂടുതൽ ദുരിതമാകും. മരണം പോലുള്ള കാര്യങ്ങൾക്ക് അടിയന്തരമായി വിദേശത്തുനിന്ന് നാട്ടിലേക്ക് പോകുന്നവർ 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി എയർ സുവിധയിൽ അപ്ലോഡ് ചെയ്യേണ്ടി വരുന്നുണ്ട്. ഒക്ടോബർ 20 മുതൽ നിലവിൽ വന്ന നോട്ടിഫിക്കേഷനിലാണ് നേരത്തെയുണ്ടായിരുന്ന ഇളവ് റദ്ദാക്കിയത്. പി.സി.ആർ പരിശോധന ഫലം വൈകുകയും കൂടി ചെയ്യുന്നതോടെ അടിയന്തര ആവശ്യക്കാർ ദുരിതത്തിലാകും. ഇളവ് പുനഃസ്ഥാപിക്കണമെന്ന പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

