ലൈസന്‍സില്ലാതെ വാഹനം ഓടിച്ച് അപകടം; വണ്ടിയോടിച്ച യുവാവും വാഹന ഉടമയും വന്‍തുക നല്‍കാന്‍ കോടതിയുടെ ഉത്തരവ്
text_fieldsഅബൂദബി: ലൈസന്‍സില്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും വാഹനത്തിന്‍റെ ഉടമയും ഇന്‍ഷുറന്‍സ് കമ്പനിക്ക് 2,95,294 ദിര്‍ഹം തിരിച്ചുനല്‍കണമെന്ന് അല്‍ ഐന്‍ സിവില്‍, കൊമേഴ്സ്യല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. ദിയാധനത്തുകയും നഷ്ടപരിഹാരവും ഉള്‍പ്പെടെ ആകെ ബാധ്യത 4,95,294 ദിര്‍ഹമായി ഉയരുമെന്നും കോടതി വ്യക്തമാക്കി.
രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള വാഹനം ലൈസന്‍സില്ലാതെ ആദ്യ പ്രതി ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മറ്റൊരു വാഹനത്തിന്‍റെ ഡ്രൈവര്‍ മരണപ്പെടുകയും രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് നഷ്ടപരിഹാരത്തുക തിരിച്ചുപിടിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. ക്രിമിനല്‍ കോടതിയുടെ ഉത്തരവ് പ്രകാരം വാഹന ഉടമയായ രണ്ടാം പ്രതി നിയമപരമായ ദിയാധനമായി 2,00,000 ദിര്‍ഹം നല്‍കേണ്ടതുണ്ട്. ഇതുംകൂടി ചേരുമ്പോഴാണ് ആകെ ബാധ്യത 4,95,294 ദിര്‍ഹമായി മാറുന്നത്.
തങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയ വാഹനം ലൈസന്‍സില്ലാതെ ഓടിച്ച ആദ്യ പ്രതിയുടെ അശ്രദ്ധമൂലം അപകടമുണ്ടായതായും, ഇത് മറ്റുള്ളവര്‍ക്ക് നാശനഷ്ടവും മറ്റൊരു ഡ്രൈവറുടെ മരണത്തിനും കാരണമായതായും ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രതിക്കെതിരെ അന്തിമ ക്രിമിനല്‍ കുറ്റപത്രം നിലവിലുണ്ട്. തകര്‍ന്ന രണ്ട് വാഹനങ്ങളുടെ നഷ്ടപരിഹാരമായി 60,818 ദിര്‍ഹം, ഇന്‍ഷുറന്‍സ് തര്‍ക്ക പരിഹാര ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മരിച്ചയാളുടെ അവകാശികള്‍ക്ക് 2,27,706 ദിര്‍ഹം. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സ് ഫീസായി 6,770 ദിര്‍ഹം എന്നിങ്ങനെയാണ് ഇന്‍ഷുറന്‍സ് കമ്പനി ഇരകള്‍ക്ക് നല്‍കിയത്.
യൂനിഫൈഡ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം, ലൈസന്‍സില്ലാത്ത വ്യക്തിയാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ സമീപിച്ചത്. ഫയലിങ് തീയതി മുതല്‍ പൂര്‍ണമായും തുക നല്‍കി തീര്‍ക്കുന്നത് വരെ 12 ശതമാനം നിയമപരമായ പലിശയും ഫീസും ചെലവുകളും അറ്റോര്‍ണി ഫീസും സഹിതം തുക ഈടാക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. എന്നാല്‍, കോടതി പ്രതികള്‍ക്ക് നല്‍കിയ വിധിയില്‍, കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ പൂര്‍ണമായി അടച്ചുതീരുന്നത് വരെ വര്‍ഷം തോറും മൂന്നുശതമാനം നിരക്കില്‍ വൈകിയതിനുള്ള പലിശയും, ഒപ്പം കോടതി ചെലവുകളും അറ്റോര്‍ണി ഫീസായി 300 ദിര്‍ഹവും നല്‍കാനാണ് ഉത്തരവിട്ടത്.
പ്രതിയായ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും ലൈസന്‍സില്ലാതെയാണ് വാഹനം ഓടിച്ചതെന്നും ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. അബദ്ധവശാല്‍ മരണം സംഭവിക്കാന്‍ ഇടയാക്കിയതിനും, രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിനും, ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനും, ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കോടതി പിഴയും ശിക്ഷയും വിധിച്ചിരുന്നു. കൂടാതെ ഇരകളുടെ അവകാശികള്‍ക്ക് 2,00,000 ദിര്‍ഹം ദിയാധനം നല്‍കാനും ഉത്തരവിട്ടിരുന്നു.
ക്രിമിനല്‍ കോടതിയുടെ അന്തിമ ഉത്തരവ് പ്രകാരം ഉടമ മാത്രം നല്‍കേണ്ടുന്ന സ്വതന്ത്രമായ ബാധ്യതയാണ് ദിയാധനമെന്നും, ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ സിവില്‍ നഷ്ടപരിഹാര തുകയുമായി ഇതിന് ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരമായി കമ്പനി നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് പൂര്‍ണ അവകാശമുണ്ടെന്നും കോടതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

