പറക്കും ടാക്സി; പാത നിർണയം രണ്ട് വർഷത്തിനുള്ളിൽ
text_fieldsദുബൈ: യു.എ.ഇയിൽ പറക്കും ടാക്സികൾക്കും സ്വയം നിയന്ത്രിത കാർഗോ ഡ്രോണുകൾക്കുമുള്ള വ്യോമ പാതകൾ രണ്ട് വർഷത്തിനുള്ളിൽ നിർണയിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു.
സഞ്ചാര പാതകൾ നിർണയിക്കാനുള്ള മാപ്പിങ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അതോടൊപ്പം പൈലറ്റ് ഉള്ളതും സ്വയം നിയന്ത്രിതവുമായ പറക്കും ടാക്സികളും കാർഗോ ഡ്രോണുകളും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണ ചട്ടക്കൂടുകൾ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അതോറിറ്റി വ്യക്തമാക്കി. പറക്കും ടാക്സികളുടെയും ഡ്രോണുകളുടെയും സഞ്ചാര പാതകളും മാനദണ്ഡങ്ങളും 20 മാസങ്ങൾക്കുള്ളിൽ നിർണയിക്കുമെന്ന് ജി.സി.സി.എ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
സുരക്ഷിതവും കാര്യക്ഷമവുമായ വ്യോമ ഗതാഗതം ഉറപ്പാക്കുകയാണ് ആദ്യ പടി. പൊതുഗതാഗത രംഗത്ത് യു.എ.ഇയെ സംബന്ധിച്ച് പുതിയ ഒരു നാഴികക്കല്ലാണ് എയർ ടാക്സി സർവിസുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026ന്റെ ആദ്യ പാദത്തിൽ സർവിസ് ആരംഭിക്കുന്നതോടെ ലോകത്ത് എയർ ടാക്സി പദ്ധതി നടപ്പിലാക്കുന്ന ആദ്യ നഗരമായി ദുബൈ മാറും.
ദുബൈയിൽ നിർമിക്കുന്ന വെർട്ടിപോർട്ടുകൾക്ക് ദുബൈ ഇന്റർനാഷനൽ വെർട്ടിപോർട്ട് (ഡി.എക്സ്.വി) എന്ന് പേരിടുമെന്ന് ജനുവരി ഒമ്പതിന് ദുബൈ പ്രഖ്യാപിച്ചിരുന്നു. ദുബൈ ആര്.ടി.എയുമായും ജോബി ഏവിയേഷനുമായി സഹകരിച്ച് സ്കൈ പോര്‍ട്ട്സ് ആണ് ദുബൈയില്‍ നാലിടങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുന്നത്. ഡൗണ്ടൗണ് ദുബൈ, പാം ജുമൈറ, ദുബൈ മറീന എന്നിവിടങ്ങളിലായാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുക. കൂടാതെ അബൂദബിയിൽ അൽ ബതീൻ, യാസ് ഐലൻഡ്, ഖലീഫ പോർട്ട് എന്നീ സ്ഥലങ്ങളിലായിരിക്കും വെർട്ടിപോർട്ടുകൾ സ്ഥാപിക്കുകയെന്ന് അടുത്തിടെ അബൂദബിയും പ്രഖ്യാപിച്ചിരുന്നു. 2026ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന പറക്കും ടാക്സികള്‍ക്ക് ടേക്ക്ഓഫ് ചെയ്യാനും ലാന്‍ഡിങ് നടത്താനും സര്‍വിസ് സൗകര്യമൊരുക്കുന്നതിനുമായാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

