പാസ്പോർട്ട് ഫോട്ടോ; മാനദണ്ഡങ്ങൾ കർശനമാക്കി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
text_fieldsദുബൈ: പാസ്പോർട്ടിന് അപേക്ഷയിൽ നൽകേണ്ട ഫോട്ടോ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. സെപ്തംബർ മുതൽ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമേ പാസ്പോർട്ട് അപേക്ഷക്കൊപ്പം സ്വീകരിക്കൂ എന്ന് കോൺസുലേറ്റ് അറിയിച്ചു.
അസ്വീകാര്യമായ ഫോട്ടോകളുടെയും സ്വീകാര്യമായ ഫോട്ടോകളുടെയും ഉദാഹരണ സഹിതമാണ് കോൺസുലേറ്റ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. തലയും തോൾഭാഗവും ഉൾപ്പെടുന്ന ക്ലോസ് അപ്പ് കളർ ചിത്രമായിരിക്കണം പാസ്പോർട്ട് ഫോട്ടോ. ഫിൽറ്ററോ എഡിറ്റിങ്ങോ ഫോട്ടോയിൽ നടത്തരുത്. പശ്ചാത്തലം വെള്ളനിറമായിരിക്കണം. കണ്ണുകൾ അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ കൃത്യമായി ലഭിക്കാൻ ക്യമാറയിലേക്ക് നേരിട്ട് നോക്കുന്ന വിധത്തിലാകണം ചിത്രം. മുഖമോ കണ്ണുകളോ മറയ്ക്കുന്ന വിധത്തിൽ മുടി വീണുകിടക്കരുത്.
കണ്ണിലെ കൃഷ്ണമണിയിൽ നിഴലോ പ്രതിബിംബങ്ങളോ പാടില്ല. മുഖത്ത് വെളിച്ചക്കുറവോ നിഴലോ ഉണ്ടാകരുതെന്നും വാ തുറന്നുപിടിച്ചുള്ള ചിത്രങ്ങൾ അംഗീകരിക്കില്ലെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. ക്യാമറയുടെ ഏതാണ്ട് ഒന്നര മീറ്റർ അകലെനിന്നും എടുത്ത ചിത്രങ്ങളാണ് കൂടുതൽ ഉചിതം. മുഖത്തെ ഭാവം സാധാരണനിലയിലുള്ളതാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ആറ് മാസം മുമ്പ് എടുത്ത ഫോട്ടോ ഉപയോഗിക്കരുത്. പാസ്പോർട്ടിലെ ചിത്രങ്ങളെ കുറിച്ച് ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) നേരത്തെ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവനുസരിച്ചാണ് പുതിയ മാനദണ്ഡം കൺസുലേറ്റ് പുറപ്പെടുവിച്ചത്.
അപേക്ഷകളിൽ കാലതാമസം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ അപേക്ഷരോട് വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഇമിഗ്രേഷൻ, സുരക്ഷ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പുതി നിർദേശം മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. പാസ്പോർട്ട് സേവന ദാതാക്കളായ ബി.എൽ.എസിനെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും വെബ്സൈറ്റിൽ കാണിക്കുന്നത് പഴയ മാർഗ നിർദേശങ്ങൾ തന്നെയാണ്. 30 ദിർഹത്തിന് ഫോട്ടോ സേവനങ്ങളും ബി.എൽ.എസ് നൽകിവരുന്നുണ്ട്. എന്നാൽ, നവജാത ശിശുക്കളുടെ ഫോട്ടേ സേവനങ്ങൾ ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

