പാസ്പോര്‍ട്ട്, വിസ സേവനങ്ങളില്‍ വലഞ്ഞ് പ്രവാസികള്‍: കേസില്‍ തീര്‍പ്പാവുന്നില്ല; എംബസി, കോണ്‍സുലേറ്റ് ബദല്‍ സംവിധാനങ്ങളിലും അതൃപ്തി
text_fieldsഅബൂദബി/ദുബൈ: യു.എ.ഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന മറ്റുള്ളവരെയും പ്രതിസന്ധിയിലാക്കി പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവന സംവിധാനങ്ങള്‍. അബൂദബി ഇന്ത്യന്‍ എംബസിയും ദുബൈ കോണ്‍സുലേറ്റും പകരം ഒരുക്കിയ ക്രമീകരണങ്ങളിലും കടുത്ത അതൃപ്തിയും ഉയരുന്നുണ്ട്. സേവനങ്ങള്‍ക്ക് പുതിയ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ നല്‍കാനാണ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍, ഇത് അടിയന്തര സാഹചര്യങ്ങളില്‍ പരിഹാരം ആവുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
എന്തുകൊണ്ട് പ്രതിസന്ധി ?
കഴിഞ്ഞ 17 വര്‍ഷമായി എംപോസ്റ്റ്, ബി.എല്‍.എസ്, ഐ.വി.എസ് എന്നീ ഏജന്‍സികള്‍ വഴിയാണ് യു.എ.ഇയില്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കിയിരുന്നത്. ഇവരുടെ കരാര്‍ ജൂണ്‍ 30ഓടെ അവസാനിച്ചിരുന്നു. ജൂലൈ ഒന്നുമുതല്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് വഴി പുതിയ ഏകീകൃത ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ (ഐ.സി.എ.സി.) ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേസ് കാരണം ഇത് വൈകുകയാണ്. ഇതോടെയാണ് അടിയന്തര ഘട്ടമെന്ന നിലയില്‍ എംബസിയും കോണ്‍സുലേറ്റും നേരിട്ട് രംഗത്തിറങ്ങിയത്. നിലവില്‍ പ്രതിദിനം 1500ലധികം അപേക്ഷകള്‍ ഇരു കേന്ദ്രങ്ങളിലുമായി കൈകാര്യം ചെയ്യുന്നുണ്ട്.
ദുബൈ കോണ്‍സുലേറ്റില്‍ വാക് ഇന്‍ ഇല്ല
അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിട്ടെത്തുന്ന (വാക്ക്-ഇന്‍) സംവിധാനം ദുബൈ കോണ്‍സുലേറ്റ് പൂര്‍ണമായും നിര്‍ത്തിലാക്കി. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.
അബൂദബിയിൽ സമയം പരിമിതം
പരിമിതമായ തോതില്‍ വാക്ക്-ഇന്‍ അനുവദിക്കുമെങ്കിലും സമയം രാവിലെ 9 മുതല്‍ 11 മണി വരെയായി വെട്ടിക്കുറച്ചു. നേരത്തെ ഇത് 12.30 വരെയായിരുന്നു. നവജാത ശിശുക്കളുടെ പാസ്പോര്‍ട്ട് അപേക്ഷകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി.) എന്നിവയ്ക്ക് മുന്‍ഗണന ലഭിക്കും.
പുതിയ ബുക്കിങ് പോര്‍ട്ടലില്‍ അറിയേണ്ടവ
ബുക്കിങ്ങിനായി പുതിയ ഔദ്യോഗിക പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്: book.passportindiauae.com. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയുള്ള സ്ലോട്ടുകളാണ് ലഭിക്കുക. അടുത്ത പ്രവൃത്തിദിനത്തിലേക്കുള്ള പുതിയ സ്ലോട്ടുകള്‍ തലേദിവസം രാത്രി 8 മണിക്ക് മാത്രമാണ് പോര്‍ട്ടലില്‍ ഓപ്പണ്‍ ആകുക, ഉദാഹരണത്തിന് തിങ്കളാഴ്ചത്തെ സ്ലോട്ട് ഞായറാഴ്ച രാത്രി 8ന് തുറക്കും. അപ്പോയിന്റ്‌മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. അപേക്ഷകന്‍ മാത്രം അകത്തു കയറിയാല്‍ മതിയാവും. അതേസമയം, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അപേക്ഷകള്‍ക്ക് മാതാപിതാക്കള്‍ രണ്ടുപേരും ഒപ്പമുണ്ടാകണം.
സ്വീകരിക്കുക പണം മാത്രം
പാസ്പോര്‍ട്ട് പുതുക്കാനുള്ള ഫീസ് 285 ദിര്‍ഹത്തില്‍ നിന്ന് 450 ദിര്‍ഹമായി ഉയര്‍ത്തി. 2012ന് ശേഷമുള്ള ഏറ്റവും വലിയ ഫീസ് വര്‍ധനവാണിത്. നിലവില്‍ എംബസിയിലും കോണ്‍സുലേറ്റിലും പണം മാത്രമാണ് സ്വീകരിക്കുന്നത് എന്നതിനാല്‍ കൃത്യമായ തുക കൈയില്‍ കരുതണം. സൗകര്യങ്ങള്‍ താല്‍ക്കാലികമായതിനാല്‍ കാര്‍ഡ് പെയ്മെന്റുകള്‍ ലഭ്യമല്ല.
ഏജന്റുമാരെ സൂക്ഷിക്കണം
അപ്പോയിന്റ്‌മെന്റുകള്‍ എടുത്തുനല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റുമാര്‍ക്കെതിരെ എംബസി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബി.എല്‍.എസ്, ഐ.വി.എസ് എന്നീ കമ്പനികള്‍ക്ക് ഇപ്പോള്‍ യാതൊരു അധികാരവുമില്ല. ഔദ്യോഗിക പോര്‍ട്ടല്‍ വഴിയുള്ള ബുക്കിങ് പൂര്‍ണമായും സൗജന്യമാണ്. ആരെങ്കിലും പണം ആവശ്യപ്പെടുകയോ അമിത തുക ഈടാക്കുകയോ ചെയ്താല്‍ ഔദ്യോഗിക ചാനലുകള്‍ വഴി പരാതിപ്പെടാം.
ശ്രദ്ധിക്കാം....
ദുബൈയില്‍ ഉള്ളവര്‍ അടുത്ത ദിവസത്തെ സ്ലോട്ടിനായി രാത്രി എട്ടുമണിക്ക് തന്നെ മൊബൈലില്‍ റിമൈന്‍ഡര്‍ വെക്കുക. അപേക്ഷാ ഫോമും അനുബന്ധ രേഖകളും പ്രിന്റ് ചെയ്ത് കൈയില്‍ കരുതണം. ഐ.സി.എ.ഒ മാനദണ്ഡപ്രകാരമുള്ള ഫോട്ടോ ആയിരിക്കണം.
പാര്‍ക്കിങ് പരിമിതമായതിനാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ (മെട്രോ/ബസ്) ഉപയോഗിക്കുക. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ലോക്കറില്‍ സൂക്ഷിക്കേണ്ടി വരും. അടിയന്തര സാഹചര്യമില്ലെങ്കില്‍ നിലവിലെ തിരക്ക് കുറയുന്നത് വരെ കാത്തിരിക്കുന്നത് നന്നായിരിക്കും. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാത്രം വിവരങ്ങള്‍ക്കായി ആശ്രയിക്കുക.
സഹായത്തിന് ബന്ധപ്പെടാം
ടോള്‍ ഫ്രീ നമ്പര്‍: 800 46342 (800 ഇന്ത്യ)
വാട്സ്ആപ്പ്: +971 54 309 0571
ഇമെയില്‍: pbsk.dubai@mea.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

