യാത്രക്കാർ കൂടും; വിമാനത്താവളത്തിൽ നേരത്തേ എത്തണം
text_fieldsദുബൈ: സ്കൂൾ അവധിയും എക്സ്പോ 2020യുടെ സമാപനവും മൂലം യാത്രക്കാരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് ദുബൈ, അബൂദബി വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകി. എക്സ്പോയിലെ അവസാന വാരാന്ത്യ അവധി ദിനങ്ങളായ മാർച്ച് 25 മുതൽ 28 വരെയും സ്കൂളുകൾ തുറക്കുന്ന ഏപ്രിൽ ഏഴു മുതൽ ഒമ്പതു വരെയുമാണ് തിരക്കിന് സാധ്യത. വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് മുൻകൂട്ടിക്കാണണം.
ദുബൈ വിമാനത്താവളത്തിന്‍റെ ടെർമിനൽ വൺ, ടെർമിനൽ ത്രീ എന്നിവ വഴി യാത്രചെയ്യുന്നവർ വിമാനത്താവളത്തിലെത്താൻ പരമാവധി ദുബൈ മെട്രോ ഉപയോഗിക്കണമെന്ന് ടെർമിനൽ ഓപറേഷൻസ് വിഭാഗം വൈസ് പ്രസിഡന്‍റ് ഈസാ അൽ ഷംസി പറഞ്ഞു. യു.കെ, മാലദ്വീപ്, ബഹ്റൈൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ അബൂദബി വിമാനത്താവളത്തിലും തിരക്ക് വർധിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയർലൈൻസ് അധികൃതരും പറഞ്ഞു.
വിമാനത്താവളത്തിൽ എത്തുന്നത് നേരത്തേയാക്കുന്നതിനു പുറമേ, വീട്ടിൽനിന്നുതന്നെ ഓൺലൈൻ ചെക്ക് ഇൻ സംവിധാനം പ്രയോജനപ്പെടുത്തണം. യു.എ.ഇയിൽ താമസവിസയുള്ള 12 വയസ്സിനു മുകളിലുള്ളവർ വിമാനത്താവളങ്ങളിലെ സ്മാർട്ട്ഗേറ്റ് പ്രയോജനപ്പെടുത്തുന്നത് സമയം ലാഭിക്കാൻ സഹായിക്കും. വിമാനം പുറപ്പെടുന്ന സമയവും ടെർമിനലും യാത്രക്കുമുമ്പ് പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ദുബൈ എക്സ്പോ അവസാനിക്കുന്ന ദിനങ്ങളിൽ വൻ തിരക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ലോക ഗവൺമെന്‍റ് ഉച്ചകോടിയും ആകർഷകമായ സംഗീത പരിപാടികളും ഉൾപ്പെടെ നിരവധി പരിപാടികൾ എക്സ്പോയിൽ ഒരുക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇതുവരെ എക്സ്പോ കാണാത്തവരും ഈ ദിവസങ്ങളിൽ ദുബൈയിലേക്ക് ഒഴുകിയെത്തും. ദുബൈയിലെത്തിയവർ കൂട്ടമായി മടങ്ങുന്നതും ഈ ദിവസങ്ങളിലായിരിക്കും. ഈ രണ്ട് ആഴ്ചകളിലായി ദുബൈ വിമാനത്തവളത്തിൽനിന്ന് ഏഴു ലക്ഷം യാത്രക്കാർ യാത്ര ചെയ്യുമെന്നാണ് എമിറേറ്റ്സ് പറയുന്നത്. 6.20 ലക്ഷം യാത്രികർ മടങ്ങിയെത്തുമെന്നും കരുതുന്നു. യാത്രക്കാരിൽ ഏറെയും ഇന്ത്യയിൽനിന്നാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽനിന്നുള്ള വേനൽക്കാല സർവിസ് ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 27 മുതൽ ഒക്ടോബർ 29 വരെ ദുബൈയിലേക്ക് 44 സർവിസും അബൂദബിയിലേക്ക് 42 സർവിസുകളുമാണ് കൊച്ചിയിൽ നിന്നുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

