ഫുജൈറ വിമാനത്താവളത്തില്‍ യാത്രക്കാർ വർധിച്ചു
text_fieldsഫുജൈറ വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക്
ഫുജൈറ: ബലി പെരുന്നാൾ സമയത്ത് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ഇന്ത്യയിലേക്കും മാലദ്വീപ്, ബാങ്കോക്ക്, നേപ്പാൾ, ജകാർത്ത, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരിലാണ് ശ്രദ്ധേയമായ വർധനവുണ്ടായിരിക്കുന്നത്.
ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, വേഗത്തിലുള്ള ചെക്ക് ഇൻ, മറ്റു എമിറേറ്റുകളിൽ നിന്നുള്ള എളുപ്പത്തിലുള്ള പ്രവേശനം എന്നിവ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഫുജൈറ വിമാനത്താവളത്തെ പ്രിയപ്പെട്ടതാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പെരുന്നാൾ അവധിയിലെ യാത്രക്കാരുടെ വർധന ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ സൂക്ഷിക്കുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ജനറൽ മാനേജർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു.
പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും മറ്റു അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ഒരു കവാടമായി പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുജൈറ വിമാനത്താവളം ഇൻഡിഗോ പോലുള്ള എയർലൈൻ പങ്കാളികളുമായി സഹകരിച്ച് കൂടുതൽ ആവശ്യക്കാരുള്ള മേഖലകളിലേക്ക് നേരിട്ടുള്ള കണക്ടിവിറ്റി വികസിപ്പിക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്താവളത്തിലെ യാത്രാ വർധനവ് പ്രാദേശിക ബിസിനസുകൾ, ഹോട്ടലുകൾ, ടൂറിസം എന്നീ മേഖലകളിലും ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഇന്‍ഡിഗോ എയർലൈൻ ഫുജൈറയില്‍ നിന്നും കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിച്ചത്.സ്കൂള്‍ വേനലവധി സമയമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവിടെനിന്നും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് സ്പൈസ്ജെറ്റ് പ്രത്യേക സര്‍വിസുകള്‍ ആരംഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

