ദുബൈ മറീനയിലെ യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങൾ നവീകരിച്ചു
text_fieldsനവീകരിച്ച ദുബൈ മറീനയിലെ യാത്രക്കാരുടെ വിശ്രമകേന്ദ്രം
ദുബൈ: ദുബൈ മറീനയിലെ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ വിശ്രമ കേന്ദ്രങ്ങളുടെ നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി. മറീന പ്രൊമെനേഡ്, മറീന ടെറസ്, മറീന വാക്ക്, മറീന മാൾ, മറീന മാൾ 1എന്നീ അഞ്ച് സ്റ്റേഷനുകളിലാണ് നവീകരണം പൂർത്തിയാക്കിയതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. പുതുതായി നവീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂർണമായും എയർകണ്ടീഷൻ ചെയ്തതും വിവിധ സൗകര്യങ്ങളും സേവനങ്ങളും സജ്ജീകരിച്ചതുമാണ്. എമിറേറ്റിലെ പരമ്പരാഗത അബ്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്രങ്ങളുടെ രൂപകൽപന നടത്തിയത്.
സമുദ്ര ഗതാഗത അനുഭവത്തെ സമ്പന്നമാക്കുന്ന സുഖകരവും ആധുനികവുമായ അന്തരീക്ഷം നൽകിക്കൊണ്ട് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. സുസ്ഥിരത, സൗകര്യം, ഉയർന്ന ജീവിത നിലവാരം എന്നിവ വളർത്തിയെടുക്കുന്ന നൂതന സേവനങ്ങളിലൂടെ ഉപഭോക്തൃ സന്തോഷം വർധിപ്പിക്കുന്നതിനുള്ള ആർ.ടി.എയുടെ നയത്തിന് അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ദുബൈ മറീനയിലെ പ്രധാന സൗകര്യങ്ങളും ലാൻഡ്മാർക്കുകളും തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനാണ് ഈ സ്റ്റേഷനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
മറീന മാൾ, അടുത്തുള്ള റെസിഡൻഷ്യൽ കമ്യൂണിറ്റികൾ, മെട്രോ, ട്രാം സ്റ്റേഷനുകൾ തുടങ്ങിയ ഇവിടെനിന്ന് നേരിട്ട് യാത്ര ചെയ്യാം. താമസക്കാർക്കും സന്ദർശകർക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമാണ് ആർ.ടി.എ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഉപഭോക്തൃ സംതൃപ്തി സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കിയത്. കാത്തിരിപ്പ് സമയത്ത് സൗജന്യ വൈ-ഫൈ, എല്ലാ ഉപയോക്താക്കൾക്കും വ്യക്തവും ഫലപ്രദവുമായ വിവരങ്ങൾ ഉറപ്പാക്കുന്ന ഓഡിയോ അനൗൺസ്മെന്റ് സിസ്റ്റം, സമുദ്ര ഗതാഗത ഷെഡ്യൂളുകളെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകൾ നൽകുന്ന ഡിസ്പ്ലേ സ്ക്രീനുകൾ എന്നിവ കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ അഞ്ച് സ്റ്റേഷനുകളിൽ കൂടി പദ്ധതി നടപ്പിലാക്കുമെന്നും ഒന്നാം ഘട്ടത്തിലെ ഉയർന്ന നിലവാരം അടുത്ത ഘട്ടങ്ങളിലും പാലിക്കുമെന്നും ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ മറൈൻ ട്രാൻസ്പോർട്ട് ഡയറക്ടർ ഖലഫ് ബൽഗസൂസ് അൽ സറൂനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

