വാഹന പാർക്കിങ് തടസ്സമാകരുത്; മുന്നറിയിപ്പുമായി പൊലീസ്
text_fieldsഅബൂദബി: മസ്ജിദുകളില്‍ പ്രാര്‍ഥനക്ക് എത്തുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. നിർദിഷ്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്ത്താത്തവര്ക്കും ക്രമരഹിതമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കും 500 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. പള്ളികളിലേക്ക് പ്രവേശിക്കുന്നവര്‍ക്കും പുറത്തേക്കു പോവുന്നവര്‍ക്കും തടസ്സമുണ്ടാവുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും അധികൃതർ ഓർമിപ്പിച്ചു.
റമദാനില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടും സുരക്ഷ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അബൂദബി മീഡിയയുമായി ചേര്‍ന്ന് അബൂദബി പൊലീസ് പ്രതിദിന റമദാന് ടെലിവിഷന്‍ ഷോ ആരംഭിച്ചിട്ടുണ്ട്. ‘അനുസരണത്തിന്റെയും പ്രതിബദ്ധതയുടെയും മാസം’ സീസണ് മൂന്ന് എന്ന തലക്കെട്ടിലാണ് പരിപാടി അരങ്ങേറുന്നത്. തറാവീഹ് സമയത്ത് തിരക്കുണ്ടാവുന്ന ഇടങ്ങളിൽ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്താന്‍ നിരീക്ഷണ കാമറകളുമുണ്ട്.
റമദാനോടനുബന്ധിച്ച് ട്രക്കുകള്‍ക്കും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകള്‍ക്കും അബൂദബിയില്‍ പുതിയ സമയ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ 10 വരെ അബൂദബി, അല്‍ഐന്‍ റൂട്ടുകളില്‍ ട്രക്കുകള്‍ ഓടിക്കാന്‍ അനുവാദമില്ല. അമ്പതോ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയാണ് അബൂദബി, അല്‍ഐന്‍ സിറ്റി റോഡുകളില്‍ ട്രക്കുകള്‍ നിരോധിച്ചിരിക്കുന്നത്.
റമദാന് മാസത്തിലെ പെയ്ഡ് പാര്‍ക്കിങ്, ടോള്‍ ഗേറ്റ്, പൊതുഗതാഗത സമയക്രമീകരണവും അബൂദബി സംയോജിത ഗതാഗത കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടുമുതല്‍ അര്‍ധരാത്രി വരെയാണ് പാര്‍ക്കിങ് ഫീസ്. ഞായറാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമാണ്. ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം രാവിലെ എട്ടുമുതല്‍ 10 വരെയും വൈകീട്ട് രണ്ടുമുതല്‍ നാലുവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെയാണ് ടോള്‍ ബാധകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

