ഷാർജയിൽ പാർക്കിങ് എളുപ്പമാകും; കൂടുതൽ സ്മാർട് യാർഡുകൾ നിർമിക്കുന്നു
text_fieldsഷാർജയിലെ സ്മാർട് പാർക്കിങ് യാർഡുകളിലൊന്ന്
ഷാർജ: എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് നടപടിയുമായി ഷാർജ മുനിസിപാലിറ്റി. സ്മാർട് പാർക്കിങ് സ്ഥലങ്ങളാണ് ഇതിനായി പുതുതായി തുറക്കുന്നത്. നിലവിലുള്ള 10 സ്മാർട് പാർക്കിങ് യാർഡുകൾക്ക് പുറമെ ആറെണ്ണം കൂടിയാണ് തുറക്കാനിരിക്കുന്നത്. പാർക്കിങ് സൗകര്യങ്ങളുടെ ലഭ്യത വർധിപ്പിക്കാനാണ് ‘സ്മാർട്ട് പാർക്കിങ് യാർഡുകൾ’ ആരംഭിച്ചിരിക്കുന്നത്. പരമ്പരാഗത പെയ്ഡ് പബ്ലിക് പാർക്കിങ് സൗകര്യത്തിന് ബദലായായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സാധാരണ പാർക്കിങ് മേഖലകളിൽ നിന്ന് വ്യത്യസ്തമായി, സ്മാർട്ട് പാർക്കിങ് യാർഡുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
ഇവിടങ്ങളിൽ സൗജന്യ പാർക്കിങ് സമയമുണ്ടാകില്ല. യാർഡുകൾ പ്രത്യേക സൈൻബോർഡുകളോടെ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രവേശന സ്ഥലത്തും പുറത്തേക്കുള്ള കവാടങ്ങളിലും കാമറ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് കാമറകൾ പകർത്തി വായിച്ച് പാർക്കിങ് ഫീസ് കണക്കാക്കും. ഉപഭോക്താക്കൾക്ക് കുറഞ്ഞ സമയത്തേക്കുള്ള പാർക്കിങിനൊപ്പം ദീർഘകാല സബ്സ്ക്രിപ്ഷൻ പദ്ധതികളും തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും.
ഇതിനകം ഷാർജയിലെ വിവിധ ഭാഗങ്ങളിൽ പത്ത് സ്മാർട്ട് പാർക്കിങ് യാർഡുകൾ സ്ഥാപിച്ചതിലൂടെ 2,421 പാർക്കിങ് ഇടങ്ങളാണ് ലഭ്യമായതെന്ന് അധികൃതർ അറിയിച്ചു. ആറു പുതിയ യാർഡുകൾ കൂടി ആരംഭിക്കുന്നതിനുള്ള പദ്ധതി പൂർത്തിയാകുന്നതോടെ 1,457 പുതിയ പാർക്കിങ് ഇടങ്ങൾ കൂടി ലഭ്യമാകും.
നിർമ്മിത ബുദ്ധി(എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യാർഡുകൾ നിയന്ത്രിക്കുന്നത്. ഇതുവഴി പ്രവർത്തനം കൂടുതൽ സുഗമമാക്കാനും പാർക്കിങ് സ്ഥലങ്ങങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്താനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. പുതുതായി ആരംഭിച്ച സ്മാർട്ട് പാർക്കിങ് യാർഡുകൾ പരമ്പരാഗത പെയ്ഡ് പാർക്കിങ് മേഖലകളിൽ നിന്ന് വ്യത്യസ്തമാണെന്നും സാധാരണ പൊതു പാർക്കിങിൽ ഉപയോഗിക്കുന്ന എസ്.എം.എസ് പേയ്‌മെന്റുകളോ സീസണൽ സബ്സ്ക്രിപ്ഷനുകളോ ഇവിടെ ലഭ്യമല്ലെന്നും ഷാർജ സിറ്റി മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിങ് വകുപ്പ് ഡയറക്ടർ ഹമദ് അൽ ഖായിദ് പറഞ്ഞു. വാണിജ്യ, ടൂറിസം മേഖലകളിൽ വർധിച്ചുവരുന്ന പാർക്കിങ് സ്ഥലങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനുള്ള ഫലപ്രദമായ പരിഹാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

