അബൂദബിയിൽ പാർക്കിങ് നിയമം കർശനമാക്കി
text_fieldsഅബൂദബി: അൽഐൻ മേഖലയിൽ പാർക്കിങ് നിയമങ്ങൾ കൂടുതൽ കർശനമാക്കി അബൂദബി ഗതാഗത വകുപ്പ്. മവാഖിഫ് നിയമങ്ങൾ ലംഘിച്ചാൽ വാഹനം ക്രെയിൻ ഉപയോഗിച്ച് പിടിച്ചെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനുള്ള സംവിധാനം ജൂൺ 19 മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഇല്ലാതെ പാർക്കിങ് ഇടങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ക്രെയിൻ ഉപയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയും അൽഐൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ യാർഡിലേക്ക് മാറ്റുകയും ചെയ്യും. വിൽപന വാഗ്ദാനം ചെയ്യുന്നതോ വാണിജ്യ, പരസ്യ, പ്രമോഷനൽ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതായാലും അനുമതിയില്ലാത്തിടത്തോ പെർമിറ്റ് കാലാവധി കഴിഞ്ഞതോ ആയ പാർക്കിങ് മേഖലയിൽ നിർത്തിയിട്ടാൽ ക്രെയിൻ ഉപയോഗിച്ച് വാഹനം കസ്റ്റഡിയിലെടുക്കും.
ഈ വാഹനങ്ങൾ വിട്ടുകിട്ടാൻ കനത്ത പിഴ നൽകേണ്ടിവരും. ഇത്തരം നിയമനടപടികൾ ഒഴിവാക്കാൻ പാർക്കിങ് സംവിധാനങ്ങൾ നിയമപരമായി മാത്രം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. നിശ്ചയിച്ച സ്ഥലത്ത് നേരായ രീതിയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. സ്ഥാപനങ്ങളും കമ്പനികളും പാർക്കിങ് നിയമങ്ങൾ എല്ലാ സമയത്തും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിരോധിത സ്ഥലങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെടുന്ന രീതിയിലും വാഹനം നിർത്തിയിടരുത്. പാർക്കിങ് നിയമങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രത്യേക വർക്ക് ഷോപ്പുകളും അധികൃതർ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

