നിശ്ചയദാർഢ്യക്കാര്‍ക്ക് ഒറ്റ ക്ലിക്കിൽ പാർക്കിങ് പെർമിറ്റ്
text_fieldsഅജ്മാന്‍: നിശ്ചയദാർഢ്യ വിഭാഗങ്ങൾ അജ്മാനില്‍ വാഹനങ്ങളുടെ പാർക്കിങ് പെർമിറ്റിന് ഇനി ഒരു ക്ലിക്ക് മതി. അജ്മാൻ പൊലീസ് സ്മാർട്ട് ആപ്പിലാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നതെന്ന് അജ്മാൻ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. കാലതാമസം കുറയ്ക്കുന്നതിനും സർക്കാർ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
സേവനം ഇപ്പോൾ പൂർണമായും ഡിജിറ്റൽ ആയതിനാൽ പാർക്കിങ് പെർമിറ്റിനായി വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതിന്‍റെ ആവശ്യമില്ലെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവർസ് ലൈസൻസിങ് ഡിപ്പാർട്ട്‌മെന്‍റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അബ്ദുല്ല ഹുമൈദ് അൽ മത്രൂഷി വിശദീകരിച്ചു. ആപ്ലിക്കേഷനിൽ പ്രവേശിച്ച് നിശ്ചയദാർഢ്യ വിഭാഗമെന്ന് തെളിയിക്കുന്ന ഐഡി കാർഡിന്‍റെ ഫോട്ടോ അപ്‌ലോഡ് ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ അപേക്ഷ പൂർത്തിയാക്കാനുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്. നടപടി പൂർത്തിയായ ഉടനെ പെർമിറ്റ് അനുവദിക്കുകയും ചെയ്യും.
നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതും അവരുടെ ക്ഷേമത്തിന് സംഭാവന നൽകുന്നതുമായ സുഗമവും സുരക്ഷിതവുമായ അനുഭവം ഒരുക്കുന്നതിനായി അജ്മാൻ പൊലീസ് ആരംഭിച്ച പുതിയ സേവനം സമയവും പരിശ്രമവും കുറക്കാൻ സഹായിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. കാര്യക്ഷമമായ സർക്കാർ സേവനങ്ങളുള്ള ഒരു സമഗ്ര സമൂഹം കെട്ടിപ്പടുക്കുക എന്ന എമിറേറ്റിന്‍റെ കാഴ്ച്ചപ്പാടിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

