അടിമുടി മാറി സിലിക്കൺ ഒയാസിസിലെ പാർക്കിങ് ഫീസ് സംവിധാനം
text_fieldsദുബൈ: ദുബൈയിലെ പ്രത്യേക സാമ്പത്തിക മേഖലയായ ദുബൈ സിലിക്കൺ ഒയാസിസിലെ പാർക്കിങ് ഫീസ് സംവിധാനത്തിൽ അടിമുടി മാറ്റം. പാർക്കിങ് മേഖലയുടെ കോഡും, ഫീസ് നിരക്കും മാറി. റോഡ് ടോൾ സംവിധാനമായ സാലിക്കിൽ നിന്ന്, പാർക്കിങ് ഫീസ് ഈടാക്കുന്ന സൗകര്യവും ഇവിടെ നിലവിൽ വന്നു. സിലിക്കൺ ഒയാസിസിൽ ഇനി രണ്ട് പാർക്കിങ് മേഖലകളാണുണ്ടാവുക. P107, P 112 എന്നിവ.
ഇതിൽ P107 സോണിൽ 24 മണിക്കൂറും പാർക്കിങ് ഫീസ് ബാധകമാണ്. P 112 സോണിൽ രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെ 14 മണിക്കൂർ പാർക്കിങ് ഫീസ് ബാധകമാകും. തിരക്കേറിയ സമയത്തിന് അനുസരിച്ച് പാർക്കിങ് നിരക്കിൽ മാറ്റമുണ്ടാകും. 24 മണിക്കൂർ ഫീസ് ബാധകമായ P 107 സോണിൽ വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെ മണിക്കൂറിന് ആറ് ദിർഹം ഫീസ് നൽകണം. മറ്റു സമയങ്ങളിൽ മണിക്കൂറിന് നാല് ദിർഹമാണ് നിരക്ക്.
P 112 സോണിൽ രാവിലെ എട്ടുമുതൽ വൈകുന്നേരം നാല് വരെയും രാത്രി എട്ടുമുതൽ രാത്രി പത്ത് വരെയും നാല് ദിർഹമാണ് ഫീസ്. എന്നാൽ, വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെ നിരക്ക് എട്ട് ദിർഹമാകും. രാത്രി 10 മണി കഴിഞ്ഞാൽ രാവിലെ എട്ടുവരെ ഇവിടെ പാർക്കിങ് സൗജന്യമാണ്.
എസ്.എം.എസ് വഴി പാർക്കിങ് ഫീസ് അടക്കുന്നവർ പാർക്കിങ് കോഡിലെ മാറ്റം ശ്രദ്ധിക്കണം. ഇനി പാർക്കിങ് ഫീസ് അടക്കാൻ മറന്നാൽ തന്നെ തുക റോഡ് ടോൾ സംവിധാനമായ സാലിക്കിൽ നിന്ന് ഈടാക്കുമെന്ന് പാർക്കോണിക് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

