ദുബൈയിൽ നാലിടത്ത് പാർക്കിങ് ഫീസിൽ വർധന
text_fieldsദുബൈ: എമിറേറ്റിലെ നാല് പ്രധാന സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് നിരക്ക് വർധിപ്പിച്ചു. അൽ സുഫൂഹ് 2, നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ദുബൈ ഇന്റർനെറ്റ് സിറ്റി എന്നിവ ഉൾപ്പെടെ എഫ് എന്ന് രേഖപ്പെടുത്തിയ മേഖലകളിലാണ് പാർക്കിങ് ഫീസ് വർധന. ഫെബ്രുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി ദുബൈയിലെ പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ അറിയിച്ചു. 30 മിനിറ്റിന് ഒരു ദിർഹമിൽനിന്ന് രണ്ട് ദിർഹമായാണ് ഫീസ് വർധിപ്പിച്ചത്. ഇതനുസരിച്ച് മണിക്കൂറിന് രണ്ട് ദിർഹമായിരുന്നത് നാലായി കൂടും.
രണ്ട് മണിക്കൂറിന് എട്ടും മൂന്നു മണിക്കൂറിന് 12ഉം, നാല് മണിക്കൂറിന് 16 ഉം അഞ്ച് മണിക്കൂറിന് 20ഉം ആറ് മണിക്കൂറിന് 24ഉം ഏഴ് മണിക്കൂറിന് 28ഉം ഒരു ദിവസത്തേക്ക് 32 ദിർഹവുമാണ് നൽകേണ്ടത്. നേരത്തേ ഇത് മണിക്കൂറിന് രണ്ട്, രണ്ട് മണിക്കൂറിന് അഞ്ച്, മൂന്നു മണിക്കൂറിന് എട്ട്, നാല് മണിക്കൂറിന് 11 ദിർഹം എന്നിങ്ങനെയായിരുന്നു നിരക്ക്. കൂടാതെ ഈ മേഖലകളിൽ വാഹനം പാർക്ക് ചെയ്യാനുള്ള സമയം രാത്രി 10 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെയായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന പാർക്കിങ് സമയം. മാർച്ച് അവസാനത്തോടെ നടപ്പാക്കുന്ന വേരിയബ്ൾ പാർക്കിങ് നയത്തിന്റെ ഭാഗമായാണ് പുതിയ നിരക്ക് വർധന. പുതിയ നയപ്രകാരം തിരക്കേറിയ സമയമായ രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ എട്ടുവരെയും പ്രീമിയം പാർക്കിങ് സ്ഥലങ്ങളിൽ നിരക്ക് മണിക്കൂറിന് ആറ് ദിർഹമും മറ്റ് പാർക്കിങ് സ്ഥലങ്ങളിൽ നാല് ദിർഹവുമായി മാറും. രാവിലെ 10 മുതൽ നാല് വരെയും രാത്രി എട്ട് മുതൽ 10 വരെയും ഞായറാഴ്ചകളിലും പാർക്കിങ് ഫീസിൽ മാറ്റമുണ്ടാവില്ല.
എ മുതൽ കെ വരെ അടയാളപ്പെടുത്തുന്ന 11 മേഖലകൾ അടങ്ങുന്ന മൂന്ന് വിഭാഗങ്ങളായാണ് ദുബൈയിലെ പാർക്കിങ് മേഖല വേർതിരിച്ചിരിക്കുന്നത്. കാർ പാർക്കിങ് സ്ഥലങ്ങളെ വാണിജ്യം, വാണിജ്യേതരം, സ്പെഷൽ മേഖല എന്നിങ്ങനെ മൂന്ന് രീതിയിൽ വേർതിരിച്ചിട്ടുമുണ്ട്. ഡ്രൈവർക്ക് തിരിച്ചറിയുന്നതിനായി ഓരോ മേഖലക്കും പ്രത്യേകം പാർക്കിങ് നിയന്ത്രണങ്ങളും ഫീസ് നിരക്കും നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

