പാർക്കിങ് സബ്സ്ക്രിപ്ഷൻ സൗകര്യം വ്യാപിപ്പിച്ച് ‘പാർക്കിൻ’
text_fieldsദുബൈ: എമിറേറ്റിലെ എല്ലാ മേഖലകളിലും പാർക്കിങ് സബ്സ്ക്രിപ്ഷൻ സൗകര്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് പൊതുപാർക്കിങ് ഓപറേറ്ററായ ‘പാർക്കിൻ’ കമ്പനി. ‘പാർക്കിനി’ന്റെ നിയന്ത്രണത്തിലുള്ള എല്ലാ മേഖലയിലുമാണ് സംവിധാനം ഏർപ്പെടുത്തിയതെന്ന് തിങ്കളാഴ്ച കമ്പനി സോഷ്യൽ മീഡിയ വഴിയാണ് അറിയിച്ചത്. ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന സംവിധാനമാണ് പാർക്കിങ് സബ്സ്ക്രിപ്ഷൻ സേവനം. പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പൊതു പാർക്കിങ്ങിനെ പതിവായി ആശ്രയിക്കുന്ന വ്യക്തികൾക്കും ഗുണകരമാണിത്.
സബ്സ്ക്രിപ്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് പാർക്കിങ് സമയപരിധിയെ കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടാകില്ല. അതോടൊപ്പം അധികസമയം പാർക്ക് ചെയ്തതിന്റെ പിഴ വരുന്നതിൽനിന്നും, ഓരോ തവണ പാർക്ക് ചെയ്യുമ്പോഴും പണമടക്കുന്നതിന്റെ പ്രയാസത്തിൽ നിന്നും ഇതുവഴി രക്ഷപ്പെടാനാകും. പാർക്കിങ് സബ്സ്ക്രിപ്ഷനുകൾക്ക് വിവിധ മേഖലകളിൽ വ്യത്യസ്തമായ നിരക്കാണ് ഈടാക്കുന്നത്. സിലിക്കൺ ഒയാസിസിലെ സോൺ ‘എച്ച്’ മേഖലയിൽ മൂന്നു മാസത്തേക്ക് 1400 ദിർഹം മുതൽ ആരംഭിക്കുന്നതാണ് സബ്സ്ക്രിപ്ഷൻ. സിലിക്കൺ ഒയാസിസിലെ മറ്റു ചില ഭാഗങ്ങളിൽ മൂന്നു മാസത്തേക്ക് 1000 ദിർഹം മുതൽ ആരംഭിക്കുന്ന സബ്സ്ക്രിപ്ഷനുമുണ്ട്. ദുബൈ ഹിൽസ് മേഖലയിൽ പ്രതിമാസം 500 ദിർഹം മുതൽ ആരംഭിക്കുന്നതാണിത്. വാസൽ റിയൽ എസ്റ്റേറ്റ് കമ്യൂണിറ്റികളിൽ ഉൾപ്പെട്ട കറാമ, അൽ ഖുസൈസ്, അൽ കിഫാഫ് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡബ്ല്യു, ഡബ്ല്യു.പി മേഖലകളിൽ പ്രതിമാസം 300 ദിർഹം മുതൽ ആരംഭിക്കുന്ന സബ്സ്ക്രിപ്ഷനുമാണുള്ളത്.
പ്രതിമാസം 500 ദിർഹം മുതൽ ആരംഭിക്കുന്ന, റോഡരികിലും പ്ലോട്ട് പാർക്കിങ്ങിനുമുള്ള സബ്സ്ക്രിപ്ഷനുകളും പാർക്കിൻ നൽകുന്നുണ്ട്. ദുബൈയിലെ വിവിധ സ്ഥലങ്ങളിലായി എ, ബി, സി, ഡി എന്നീ കോഡുകളുള്ള പ്രദേശങ്ങൾ ഇവയിൽ ഉൾപ്പെടും. പ്ലോട്ട് പാർക്കിങ്ങിന് സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ വാഹനമുടമകൾക്ക് 48 ശതമാനം വരെ ചെലവ് ലാഭിക്കാൻ കഴിയുമെന്ന് പാർക്കിൻ പറയുന്നു.
പാർക്കിൻ വെബ്സൈറ്റ് അല്ലെങ്കിൽ ആപ് വഴി ആവശ്യമുള്ള സബ്സ്ക്രിപ്ഷൻ തെരഞ്ഞെടുക്കാം. സബ്സ്ക്രിപ്ഷന് ഓൺലൈനായി പണമടക്കാനുള്ള സൗകര്യമുണ്ട്. പേമെന്റ് അടച്ചാൽ എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

