സൂപ്പർ മാർക്കറ്റുകളിൽ പാർക്കിങ് നിയന്ത്രണം ‘പാർക്കിൻ’ ഏറ്റെടുക്കുന്നു
text_fieldsദുബൈ: എമിറേറ്റിലെ പബ്ലിക് പാർക്കിങ് ഓപറേറ്ററായ ‘പാർക്കിൻ’ ചില സ്പിന്നീസ്, വെയ്റ്റ്റോസ് സൂപ്പർമാർക്കറ്റുകളിലെ പണമടച്ചുള്ള പാർക്കിങ് പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുന്നു. കറാമയിലെ ട്രേഡ് സെന്റർ റോഡിലുള്ള സ്പിന്നീസ് ശാഖകൾ, മോട്ടോർ സിറ്റി, അൽ മെയ്ദാൻ, ഉമ്മു സുഖൈം എന്നിവിടങ്ങളിലെ നാല് ശാഖകൾ, മോട്ടോർ സിറ്റിയിലെയും അൽ താന്യയിലെയും രണ്ട് വെയ്റ്റ്റോസ് സ്റ്റോറുകൾ എന്നിവിടങ്ങളിലാണ് സംവിധാനം നടപ്പാക്കുന്നത്.
ബുധനാഴ്ച പ്രഖ്യാപിച്ച പങ്കാളിത്തം പ്രകാരം ഉപഭോക്താക്കൾക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിങ് ലഭിക്കും. ഇതിനുശേഷം മണിക്കൂറിന് വിവിധ നിരക്കുകൾ ബാധകമായിരിക്കും. സ്പിന്നീസ് സ്വന്തം ബ്രാൻഡിന് കീഴിൽ 70 ലധികം സൂപ്പർമാർക്കറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ യു.എ.ഇയിലും ഒമാനിലും വെയ്റ്റ്റോസ്, അൽ ഫെയർ ബ്രാൻഡുകളും പ്രവർത്തിക്കുന്നുണ്ട്.
സ്പിന്നീസും വെയ്റ്റ്റോസുമായുള്ള ഈ കരാറിലൂടെ ദുബൈയിലുടനീളം കൂടുതൽ സുഗമവും സൗകര്യപ്രദവുമായ ഷോപ്പിങ് അനുഭവം സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ‘പാർക്കിൻ’ ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു. ഗതാഗതം നിയന്ത്രിക്കാൻ കരാർ സഹായിക്കുമെന്ന് സ്പിന്നീസ് ചീഫ് എക്സിക്യൂട്ടീവ് സുനിൽ കുമാർ പറഞ്ഞു. ഓരോ ഉപഭോക്താവിനും മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതും സ്റ്റോറുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതുമാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ജനുവരിയിൽ, മാജിദ് അൽ ഫുത്തൈ ഗ്രൂപ്പുമായി സഹകരിച്ച് മൂന്ന് മാളുകളിൽ ‘പാർക്കിൻ’ തടസ്സമില്ലാത്ത പാർക്കിങ് സംവിധാനങ്ങൾ അവതരിപ്പിച്ചിരുന്നു.
അഞ്ച് വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ മിർദിഫ് എന്നിവിടങ്ങളിൽ ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ആഗസ്റ്റ് മുതൽ ദുബൈയിലെ 59 പള്ളികളിലെ 2,100 പെയ്ഡ് പാർക്കിങ് സ്ഥലങ്ങളുടെ നടത്തിപ്പും പാർക്കിൻ ഏറ്റെടുത്തിട്ടുണ്ട്. 2024 ജനുവരിയിലാണ് എമിറേറ്റിന്റെ പെയ്ഡ് പാർക്കിങ് മേൽനോട്ടം വഹിക്കാൻ ദുബൈ സർക്കാർ ‘പാർക്കിൻ’ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

