ഒമ്പത് പാർക്കിങ് പാക്കേജുകള്‍ അവതരിപ്പിച്ച് പാർക്കിൻ
text_fieldsദുബൈ: വിദ്യാർഥികൾക്ക് ഉൾപ്പെടെ വാഹന പാര്‍ക്കിങ് കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ട് ഒമ്പത് വ്യത്യസ്ത പാക്കേജുകള്‍ അവതരിപ്പിച്ച് പാർക്കിങ് നിയന്ത്രണ കമ്പനിയായ ‘പാര്ക്കിന്’. റോഡ്സൈഡ് ആന്‍ഡ് പ്ലോട്ട്സ് പാര്‍ക്കിങ്, പ്ലോട്ട്സ്-ഓണ്‍ലി പാര്‍ക്കിങ്, സിലിക്കണ്‍ ഒയാസിസ് (സോണ്‍ എച്ച്), സിലിക്കണ്‍ ഒയാസിസ് ലിമിറ്റഡ് ഏരിയ, ദുബൈ ഹില്‍സ്, വാസില്‍ റിയല്‍ എസ്റ്റേറ്റ്, മള്‍ട്ടിസ്റ്റോറി പാര്‍ക്കിങ് തുടങ്ങി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വരിസംഖ്യ പാക്കേജുകളാണ് പുറത്തിറക്കിയത്.
ഒരു മാസം 100 ദിര്‍ഹം, മൂന്ന് മാസം 300 ദിര്‍ഹം, ആറ് മാസം 600 ദിര്‍ഹം, 12 മാസം 1200 ദിര്‍ഹം എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്കായി 80 ശതമാനം വരെ കിഴിവ് ലഭിക്കുന്ന പാക്കേജും ഇതിൽ ഉൾപ്പെടും. ഇതിനായി സ്റ്റുഡന്റ് കാര്‍ഡും എൻറോള്‍മെന്റ് രേഖയും ഹാജരാക്കണം. കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പ്രത്യേകിച്ച് അധ്യാപകരും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത പാക്കേജുമുണ്ട്. ഇതുപ്രകാരം സ്ഥാപനത്തില്‍നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള റോഡിന് സമീപമോ, പ്ലോട്ട് പാര്‍ക്കിങ് സ്ഥലങ്ങളിലോ എല്ലാം ഇതുപയോഗിക്കാം. തൊഴില്‍രേഖ ഹാജരാക്കണം. മാസത്തില്‍ 100 ദിര്‍ഹമാണ് നിരക്ക്.
എ, ബി, സി, ഡി എന്നീ മേഖലകളിലെ റോഡ്സൈഡ് പാര്‍ക്കിങ് സ്ഥലങ്ങളിലും തിരഞ്ഞെടുത്ത പ്ലോട്ടുകളിലും റോഡ്സൈഡ് ആന്‍ഡ് പ്ലോട്ട്സ് പാര്‍ക്കിങ് പാക്കേജ് ഉപയോഗിക്കാം. മാസം 500 ദിര്‍ഹം മുതലാണ് നിരക്ക്. റോഡ്സൈഡ് പാര്‍ക്കിങ്ങില്‍ തുടര്‍ച്ചയായി നാല് മണിക്കൂറും പ്ലോട്ടുകളില്‍ 24 മണിക്കൂറും വരെ പാര്‍ക്ക് ചെയ്യാം.
ബി, ഡി സോണുകളിലെ പ്ലോട്ടുകളില്‍ മാത്രം പാര്‍ക്ക് ചെയ്യാനാണ് പ്ലോട്ട്സ്-ഓണ്‍ലി പാര്‍ക്കിങ്. മാസം 250 മുതലാണ് നിരക്ക്. തുടര്‍ച്ചയായി 24 മണിക്കൂര്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യാം. സിലിക്കണ്‍ ഒയാസിസിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള പാക്കേജാണ് സിലിക്കണ്‍ ഒയാസിസ് (സോണ്‍ എച്ച്) പാക്കേജ്. 1400 ദിര്‍ഹം മുതലാണ് ഇവിടെ നിരക്ക്. സോണ്‍ എച്ചില് പാര്‍ക്കിങ് ആവശ്യമില്ലാത്തവര്‍ക്ക് സിലിക്കണ്‍ ഒയാസിസിലെ മറ്റു സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ സിലിക്കണ്‍ ഒയാസിസ് ലിമിറ്റഡ് ഏരിയ പാക്കേജ് ഉപയോഗിക്കാം. 1000 ദിര്‍ഹം മുതലാണ് നിരക്ക്.
ദുബൈ ഹില്‍സ് പ്രദേശത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മാത്രമായി രൂപകല്പന ചെയ്ത പാക്കേജാണ് ദുബൈ ഹില്‍സ് പാക്കേജ്. സോണ്‍ 631 ജിയില്‍ ഇത് ബാധകമാണ്. 500 ദിര്‍ഹം മുതലാണ് നിരക്ക്. വാസില്‍ പബ്ലിക് പാര്‍ക്കിങ് പാക്കേജ് ഡബ്ല്യു, ഡബ്ല്യു.പി സോണുകളില്‍ ഇത് ബാധകമാണ്. 300 ദിര്‍ഹം മുതലാണ് നിരക്കുകള്‍. ദുബൈയിലെ ബഹുനില കെട്ടിടങ്ങളിലെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന പാക്കേജാണ് മള്‍ട്ടിസ്റ്റോറി പാര്‍ക്കിങ് പാക്കേജ്. ബനിയാസ്, നായിഫ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. 735 ദിര്‍ഹം മുതലാണ് നിരക്ക്. ഒരേസമയം ഒരു വാഹനം മാത്രമേ പാര്‍ക്ക് ചെയ്യാനാവൂ. 30 ദിവസത്തില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴയീടാക്കും. വിവിധ പാക്കേജുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പാര്ക്കിന് വെബ്സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

