രണ്ടാം പാദത്തിൽ 35കോടി വരുമാനം നേടി ‘പാർക്കിൻ’
text_fieldsദുബൈ: എമിറേറ്റിലെ പണമടച്ചുള്ള പൊതു പാർക്കിങ് നിയന്ത്രിക്കുന്ന സംവിധാനമായ ‘പാർക്കിൻ’ ഈ വർഷം രണ്ടാം പാദത്തിലെ മൂന്നുമാസത്തിൽ നേടിയത് 35കോടി വരുമാനം. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 56ശതമാനം വളർച്ചയാണ് വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അറ്റാദായവും വരുമാനത്തിന് അനുസരിച്ച് 56ശതമാനം വർധിച്ചിട്ടുണ്ട്. ഏറ്റവും സ്മാർട്ടും കാര്യക്ഷമമവും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവുമായ പാർക്കിങ് സൗകര്യമൊരുക്കി, ദുബൈയുടെ നഗര ഗതാഗതത്തെ പുനർനിർവചിക്കാനുള്ള ലക്ഷ്യത്തെയാണ് നേട്ടം അടയാളപ്പെടുത്തുന്നതെന്ന് കമ്പനി സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു.
തിരക്കിനനുസരിച്ച് മാറിമാറിവരുന്ന പാർക്കിങ് താരിഫ്, സീസണൽ കാർഡുകളുടെ വിൽപന വർധിച്ചത്, മികച്ച നിർവഹണം എന്നിവയാണ് വരുമാന വർധനവിന് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം പാദത്തിന്‍റെ അവസാനത്തോടെ ആകെ 2,11,500പാർക്കിങ് സ്ഥലങ്ങളാണ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളത്. 2024ലെ ഇതേ കാലയളവിനേക്കാൾ 6ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്.
നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി ‘പാർക്കിൻ’ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനായി ‘പാർക്കിൻ’ ദുബൈ ഹോൾഡിങ് കമ്പനിയുമായി കരാറൊപ്പിടുകയും ചെയ്തിരുന്നു. നഗരത്തിൽ പാർക്കിങിന് സ്ഥലങ്ങൾ കൂടുതലായി ആവശ്യമായ സാഹചര്യത്തിലാണ് പുതിയ മേഖലകളിൽ സംവിധാനം ഏർപ്പെടുത്തുന്നത്.
എമിറേറ്റിലെ പള്ളികൾക്ക് സമീപത്തെ പാർക്കിങ് സ്ഥലങ്ങളിൽ ആഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിങ് നടപ്പിലാക്കുമെന്നും ആഴ്ചകൾക്ക് മുമ്പ് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ‘പാർക്കിൻ’ 59 ഇടങ്ങളിലെ 2100 പാർക്കിങ് സ്ഥലങ്ങൾ നിയന്ത്രിക്കുമെന്നും അറിയിച്ചിടുണ്ട്. ഇതെല്ലാം വരും മാസങ്ങളിൽ പാർക്കിൻ കമ്പനിക്ക് കീഴിലെ പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം വർധിപ്പിക്കും.
എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈ സർക്കാർ ‘പാർക്കിൻ’ കമ്പനി രൂപപ്പെടുത്തിയത്. പൊതു പാർക്കിങ്, പൊതു മൾടി സ്റ്റോറി കാർ പാർക്കിങ്, സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഇതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

