പാർക്ക് ചെയ്യൂ, പണം പിന്നീട് നൽകൂ
text_fieldsആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പാർക്കിൻ ഓഫിസ് സന്ദർശിക്കുന്നു
ദുബൈ: എമിറേറ്റിലെ പെയ്ഡ് പാർക്കിങ് മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണം പിന്നീട് അടക്കാവുന്ന സംവിധാനം പ്രഖ്യാപിക്കാനൊരുങ്ങി പാർക്കിൻ.
എമിറേറ്റിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ വ്യാഴാഴ്ച എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർക്കിൻ ഓഫിസുകൾ സന്ദർശിച്ച ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടറുമായ മതാർ അൽ തായറുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു പുതിയ പ്രഖ്യാപനം.
ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. പാർക്കിൻ സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ അലിയുടെ നേതൃത്വത്തിലുള്ള പാർക്കിൻ ഉദ്യോഗസ്ഥർ ദുബൈയിലുടനീളം പാർക്കിങ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതി തയാറാക്കി വരുകയാണ്.നൂതന സ്മാർട്ട് സാങ്കേതിക വിദ്യകളുടെ സംയോജനവും പൂർത്തിയായി വരുന്നു.
കൂടാതെ പ്രതിദിനം 500ലധികം ഉപഭോക്തൃ ആശയവിനിമയങ്ങൾ നടത്താൻ കഴിയുന്ന ഒരു പുതിയ കസ്റ്റമർ കോൾ സെന്ററും പാർക്കിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആർ.ടി.എ ചെയർമാന്റെ സന്ദർശനം നവീകരണത്തിനും സേവന മികവിനും ദുബൈയിലെ ട്രാഫിക് മാനേജ്മെന്റ് പരിഹാര മാർഗങ്ങളിൽ സജീവമായി സംഭാവന ചെയ്യുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതായി പാർക്കിൻ വ്യക്തമാക്കി.
കാർ വാഷിങ്, മൊബൈൽ റീഫില്ലിങ്, എൻജിൻ ഓയിൽ ചേഞ്ചിങ്, ടയർ, ബാറ്ററി പരിശോധനകൾ, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഓട്ടോമോട്ടീവ് സേവനങ്ങൾ ലഭ്യമാവുന്ന പാർക്കിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ആഴ്ച പാർക്കിൻ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

