നടുവേദന; പരിഹാരം വ്യായാമം
text_fieldsസമയവും കാലവും കഷ്ടപ്പാടും കാലാവസ്ഥയും ആരോഗ്യവുമൊന്നും നോക്കാതെ ജോലിചെയ്യുന്ന പ്രവാസികളിൽ സാധാരണ കണ്ടുവരുന്ന ബുദ്ധിമുട്ടാണ് നടുവേദന. മുൻകാലങ്ങളിൽ പ്രായമായവരിലാണ് ഇത് കണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ യുവാക്കളെയും ധാരാളമായി നടുവേദന ബാധിക്കുന്നുണ്ട്. മുതിർന്നവരിൽ 80 ശതമാനം വരെ ജീവിതത്തിൽ ചിലസമയങ്ങളിൽ നടുവേദന അനുഭവപ്പെടാറുണ്ട്. ലോകമെമ്പാടും 40 വയസ്സിൽ താഴെയുള്ളവരിൽ വൈകല്യത്തിന്റെ ഏറ്റവും സാധാരണമായ കാരണം നടുവേദനയാണ്. പേശീവലിവ്, ഡിസ്കിന്റെ പ്രശ്നം, സുഷുമ്ന നാഡികളുടെ പ്രശ്നം, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. മിക്ക കേസുകളിലും മരുന്നുകളുടെ സഹായം പോലുമില്ലാതെ നടുവേദന കുറയാൻ സാധ്യതയുണ്ട്. ഭാരമുള്ള വസ്തുക്കളോ മറ്റോ ഉയർത്തിയശേഷം നടുവേദനയുണ്ടാകാം.
ചില നുറുങ്ങുകൾ
ദിവസവും പേശികളെ ശക്തിപ്പെടുത്തുക. ഇതിനായി വ്യായാമം സജീവമാക്കണം. നട്ടെല്ലിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാൻ നടത്തം പോലുള്ള വ്യായാമം. നീന്തൽ കൂടുതൽ ചലനം നൽകുന്നു. മൃദുവായ ഘർഷണം വഴി വെള്ളം പ്രതിരോധം പ്രദാനം ചെയ്യുന്നു, ഇത് പരിക്കേറ്റ പേശികളെ ശക്തിപ്പെടുത്താനും കണ്ടീഷൻ ചെയ്യാനും സഹായിക്കുന്നു. വ്യായാമം നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആണെന്ന് തോന്നുന്നുവെങ്കിൽ പടികൾ തുടർച്ചയായി മൂന്ന് തവണ കയറുകയും ഇറങ്ങുകയും ചെയ്യുക. എങ്ങനെ സുരക്ഷിതമായി വ്യായാമംചെയ്യാം എന്നതിനെക്കുറിച്ചുള്ള ശരിയായ മാർഗനിർദേശം സ്വീകരിക്കുക. ഇതിനായി ഫിസിക്കൽ തെറപ്പിസ്റ്റിനെ സമീപിക്കാം.
ഇരിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
ശരിയായ ശരീരഭാവം നിലനിർത്തുക. നേരെ ഇരിക്കുക. മുന്നോട്ട് കൂനിക്കൂടി ഇരിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ജോലി ചെയ്യുമ്പോൾ ഒരു എർഗണോമിക് കസേര ഉപയോഗിക്കുക. ഇത് നിങ്ങളുടെ ശരീരം നേരായതും ശരിയായ ഭാവത്തിലുമാണെന്ന് ഉറപ്പാക്കുന്നു. ദിവസം മുഴുവനും ഇരിക്കാതെ കൂടുതലായി എഴുന്നേറ്റുനടക്കുക. കൂടുതൽ പിന്തുണക്കായി പിറകിൽ ചെറിയ ചുരുട്ടിയ ടവൽ സ്ഥാപിക്കുക. ഫോണിൽ ഓരോ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ടൈമർ സജ്ജീകരിക്കുന്നത് നല്ലതായിരിക്കും. ഈ സമയങ്ങളിൽ എഴുന്നേൽക്കുന്നതും കൈകാലുകൾ നിവർത്തുന്നതും നന്നാവും.
(ആസ്റ്റർ ക്ലിനിക്,മുത്തീന, ഓർത്തോപെഡിക് സ്പെഷലിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

