ഖോർഫക്കാനിൽ പെയ്ഡ് പാർക്കിങ് സമയം നീട്ടി; പുതുക്കിയ സമയം ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ
text_fieldsഷാർജ: ഖോർഫക്കാനിൽ നീല സൈൻബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന പൊതു പാർക്കിങ് സ്ഥലങ്ങളിൽ പണമടച്ച് പാർക്ക് ചെയ്യാനുള്ള സമയം നീട്ടി. ഖോർഫക്കാൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയാണ് പുതിയ സമയ ക്രമം പ്രഖ്യാപിച്ചത്. ഫെബ്രുവരി 16 മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. പുതിയ തീരുമാനം അനുസരിച്ച് പൊതു അവധി ദിനങ്ങൾ, വാരാന്ത്യ ദിനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി 12 മണിവരെ പണമടച്ച് പാർക്ക് ചെയ്യാം.
നേരത്തെ രാത്രി 10 മണിവരെയായിരുന്നു പെയ്ഡ് പാർക്കിങ് സമയം. നഗരത്തിന്‍റെ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുതിയ നീക്കം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പാർക്കിങ് ലഭ്യത മെച്ചപ്പെടുത്തുക എന്നതാണ് പുതിയ സമയക്രമം നിശ്ചയിച്ചതിന്‍റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
പാർക്കിങ് ഉപഭോഗ നിരക്കുകൾ, സ്ഥലത്തിന്‍റെ രീതികൾ, ഉപഭോക്തൃ ആവശ്യം എന്നിവ വിലയിരുത്തുന്നതിനായി നടത്തിയ സമഗ്രമായ പഠനത്തിന് ശേഷമാണ് തീരുമാനം. നിരവധി റസ്റ്റാറന്‍റുകളും കഫേകളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ രാത്രി 10 മണിക്ക് ശേഷം പാർക്കിങ് സ്ഥലം കണ്ടെത്താൻ പ്രയാസം നേരിടുന്നതായി താമസക്കാരും സന്ദർശകരും നൽകിയ റിപോർട്ടും പെയ്ഡ് പാർക്കിങ് സമയം പരിഷ്കരിക്കുന്നതിന് പരിഗണിച്ചിരുന്നു. പൊതു പാർക്കിങ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നത് കുറക്കാനും ഗതാഗതം സുഗമമാക്കുന്നതിനും അതോടൊപ്പം രാത്രി വൈകിയും ബിസിനസ് നടത്തുന്നവരെ പിന്തുണക്കാനും പുതിയ സമയക്രമം സഹായകമാവുമെന്നും അധികൃതർ അറിയിച്ചു.
സമയം ദീർഘിപ്പിച്ചെങ്കിലും പാർക്കിങ് ഫീസിൽ മാറ്റമുണ്ടാവില്ല. സീസണൽ പെർമിറ്റുള്ളവർ നിലവിലെ നിരക്ക് തന്നെ നൽകിയാൽ മതി. ഇവർക്ക് അധിക തുക നൽകാതെ 14 മണിക്കൂർ എന്നത് പുതിയ സമയക്രമത്തിലൂടെ 16 മണിക്കൂർ പാർക്കിങ് സ്ഥലം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, ഖോർഫക്കാനിലെ മറ്റ് സ്ഥലങ്ങളിൽ റമദാനിൽ ബാധകമായ ക്രമീകരിച്ച സമയങ്ങൾ ഒഴികെ പാർക്കിങ് സമയം പഴയനിലയിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

