ദുബൈ സ്പോർട്സ് സിറ്റിയിൽ പെയ്ഡ് പാർക്കിങ്
text_fieldsദുബൈ സ്പോർട്സ് സിറ്റി
ദുബൈ: എമിറേറ്റിലെ പെയ്ഡ് പാർക്കിങ്ങുകൾ നിയന്ത്രിക്കുന്ന സ്ഥാപനമായ ‘പാർക്കിൻ’ കൂടുതൽ ഇടങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ദുബൈ സ്പോർട്സ് സിറ്റിയിലെ പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം പാർക്കിൻ ഏറ്റെടുത്തു. 10 വർഷത്തേക്കാണ് നടത്തിപ്പ് ചുമതല.
കരാറിന്‍റെ അടിസ്ഥാനത്തിൽ സ്പോർട്സ് സിറ്റിയിൽ പാർക്കിൻ പുതുതായി 3,100 പാർക്കിങ് സൗകര്യങ്ങൾ നിർമിക്കും. ഇതിൽ കല്ല് പാകിയത്, കല്ല് പാകാത്തത്, നിരപ്പായ ഇടം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള സൗകര്യങ്ങളാണ് ഉൾപ്പെടുക. പാർക്കിങ് സൗകര്യങ്ങളുടെ നിർമാണം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കും. അടുത്ത വർഷം നാലാം പാദത്തിൽ നിർമാണം പൂർത്തീകരിക്കും.
കല്ല് പാകിയ പാർക്കിങ് സൗകര്യങ്ങളുടെ നിർമാണം ഒക്ടോബറിൽ പ്രഖ്യാപിക്കും. 900 പാർക്കിങ് ഇടങ്ങളാണ് ഈ വിഭാഗത്തിൽ നിർമിക്കുക. ഇതിന് എട്ടാഴ്ച സമയം എടുക്കും. ഈ വർഷം ഡിസംബറിൽ നിർമാണം പൂർത്തിയായ ശേഷം ഇവിടെ പൂർണതോതിൽ പാർക്കിങ് സേവനങ്ങൾ ആരംഭിക്കുമെന്ന് പാർക്കിൻ അധികൃതർ അറിയിച്ചു.
മറ്റ് രണ്ട് വിഭാഗങ്ങളുടെ നിർമാണം അടുത്ത വർഷം ജനുവരിയിൽ പ്രഖ്യാപിക്കും. ഡിസംബറോടെ നിർമാണം പണി പൂർത്തിയാവും. 2,200 പാർക്കിങ് സൗകര്യങ്ങളാണ് ഇവിടെ വികസിപ്പിക്കുക. ഇവിടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ 10 വരെ പണമീടാക്കി പാർക്ക് ചെയ്യാം. മണിക്കൂറിന് രണ്ട് ദിർഹമാണ് നിരക്ക്.
ഒരു ദിവസത്തിന് 20 ദിർഹമാണ് നിരക്ക്. 2,800 ദിർഹം നൽകി ഒരു വർഷത്തേക്ക് പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കാനും അവസരമുണ്ടാവും. ആദ്യ മൂന്നുവർഷത്തേക്കായിരിക്കും ഈ നിരക്ക് ബാധകമായിരിക്കുക. ശേഷം താരിഫ് നിരക്ക് ഉയർത്തും. പുതിയ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നത് വഴി 40 മുതൽ 50 ദശലക്ഷം ദിർഹമിന്‍റെ വരുമാനമാണ് പാർക്കിൻ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

