ദുബൈ പള്ളികളിൽ ആഗസ്റ്റ് മുതൽ പെയ്ഡ് പാർക്കിങ്
text_fieldsദുബൈ പള്ളികളിൽ പെയ്ഡ് പാർക്കിങ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ പാർക്കിനും ദുബൈയിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പും ഒപ്പുവെക്കുന്നു
ദുബൈ: എമിറേറ്റിലെ പള്ളികൾക്ക് സമീപത്തെ പാർക്കിങ് സ്ഥലങ്ങളിൽ ആഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിങ് നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി ദുബൈയിലെ പാർക്കിങ് നിയന്ത്രണ കമ്പനിയായ ‘പാർക്കിൻ’ 59 ഇടങ്ങളിലെ 2100 പാർക്കിങ് സ്ഥലങ്ങൾ നിയന്ത്രിക്കുമെന്ന് അധികൃതർ വ്യാഴാഴ്ച അറിയിച്ചു. അതേസമയം നമസ്കാരത്തിന്‍റെ ഒരു മണിക്കൂർ സമയം പാർക്കിങ് സൗജന്യമായിരിക്കും. പാർക്കിനും ദുബൈയിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പും(ഐ.എ.സി.എ.ഡി) തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറനുസരിച്ചണ് പദ്ധതി നടപ്പിലാക്കുന്നത്.
എമിറേറ്റിലെ പള്ളികളുടെയും ഇസ്ലാമിക കാര്യ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള വകുപ്പാണ് ഐ.എ.സി.എ.ഡി.പദ്ധതിയുടെ ഭാഗമായി പാർക്കിങ് സ്ഥലങ്ങൾ രണ്ട് സോണുകളായി തിരിക്കും. 41സ്ഥലങ്ങൾ സോൺ എം(സ്റ്റാൻന്റേഡ്), 18 സ്ഥലങ്ങൾ സോൺ എം.പി(പ്രീമിയം) യും ആയിരിക്കും. എല്ലാ സ്ഥലങ്ങളിലും നമസ്കാര സമയത്തൊഴികെ എല്ലാദിവസവും 24മണിക്കൂറും പാർക്കിങിന് നിരക്ക് ഈടാക്കും.
പാർക്കിങ് സ്ഥലങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും നിരക്കുകൾ വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും. സോൺ എം(സ്റ്റാൻന്റേഡ്) മേഖലയിൽ അരമണിക്കൂറിന് രണ്ട് ദിർഹമും മണിക്കൂറിന് നാല് ദിർഹമുമാണ് നിരക്ക്. അതേസമയം സോൺ എം.പി(പ്രീമിയം) മേഖലയിൽ അരമണിക്കൂറിന് തിരക്കേറിയ സമയങ്ങളിൽ മൂന്ന് ദിർഹമും അല്ലാത്ത സമയങ്ങളിൽ രണ്ട് ദിർഹമുമാണ് നിരക്ക്. മണിക്കൂറിന് ഇവിടെ തിരക്കുള്ള സമയങ്ങളിൽ ആറ് ദിർഹമും അല്ലാത്തപ്പോൾ നാലു ദിർഹമും നൽകണം. സാധാരണ സോണുകളിൽ രാവിലെ 8മുതൽ 10വരെയും ശെവകുന്നേരം 4മുതൽ രാത്രി 8വരെയുമാണ് തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്നത്.
പ്രാർഥന സമയങ്ങളിൽ പാർക്കിങിന് സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് സംവിധാനം ഏർപ്പെടുത്തിയതെന്ന് പാർക്കിനും ഐ.എ.സി.എ.ഡിയും അറിയിച്ചു. എല്ലാ സമയങ്ങളിലും പള്ളികളിലേക്ക് പ്രവേശനം എളുപ്പമാക്കുകയും വിശ്വാസികളുടെ മതപരമായ കാര്യങ്ങൾക്ക് സൗകര്യമൊരുക്കുന്നതുമാണ് സംരംഭമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഭാവിയിൽ ഐ.എ.സി.എ.ഡിയുടെ കീഴിലുള്ള കൂടുതൽ പള്ളികളിലേക്കും സംരംഭം വിപുലീകരിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

