300 രൂപക്കുവേണ്ടി കേരള സമൂഹത്തിനെ ഒറ്റിക്കൊടുക്കരുത് -മന്ത്രി പി. പ്രസാദ്
text_fieldsസി.കെ. ചന്ദ്രപ്പൻ പുരസ്കാരം വി.എം. സുധീരന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സമ്മാനിക്കുന്നു
ഷാർജ: 30 വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതുപോലെയാണ് 300 രൂപക്കുവേണ്ടി കേരള സമൂഹത്തിനെ സംഘ്പരിവാറിന് അടിയറവെക്കുന്നത് എന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സി.കെ. ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വി.എം. സുധീരന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നസ്റേത്തിൽ നിന്ന് അബദ്ധത്തിൽപോലും നൻമ ഉണ്ടാവില്ല. അത് പ്രതീക്ഷിച്ച് സ്വന്തം സമൂഹത്തെ ഒന്നടങ്കം വഞ്ചിതരാകാൻ കൂട്ടു നിൽക്കരുത്. 8500 കോടിയുടെ കുറവാണ് കാർഷിക ബജറ്റിൽ കേന്ദ്രം വരുത്തിയത്.
അതേസമയം, കേരളം മുൻ വർഷത്തെ തുക തുടർന്നും കർഷകർക്കായി നീക്കി വെച്ചിട്ടുണ്ട്. കർഷകരോട് കേന്ദ്ര സമീപനം ഇതായിരിക്കെ എന്തു പരിഗണനയാണ് തലശ്ശേരി രൂപത ബിഷപ് പ്രതീക്ഷിക്കുന്നത്. ആദർശ രാഷ്ട്രീയത്തിന്റെ രണ്ട് പുഴകളുടെ സംഗമമാണ് സി.കെ. ചന്ദ്രപ്പൻ പുരസ്കാരം വി.എം. സുധീരന് നൽകുമ്പോൾ സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സഭകൾ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്ന് സുധീരൻ പറഞ്ഞു. അദാനിയുടെ പേര് പറഞ്ഞത് മുഴുവൻ ലോക് സഭാ രേഖകളിൽനിന്നും നീക്കം ചെയ്തത് ഭരണകൂടത്തിന്റെ സ്വേച്ഛാധിപരമായ താൽപര്യം ആർക്കു വേണ്ടിയാണ് എന്ന് വ്യക്തമാക്കുന്നു. ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യനിരക്ക് മാത്രമേ രാജ്യത്തെ വീണ്ടെടുക്കാൻ കഴിയൂ. മൂന്നാംമുന്നണി പോലെയുള്ള പരീക്ഷണങ്ങൾ സംഘ്പരിവാറിനെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം വി.എം. സുധീരന് നൽകാൻ നിശ്ചയിച്ചത്. 2023 ദിർഹമും ചന്ദ്രപ്പൻ സ്മൃതി ആലേഖനം ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യൻ അസോസിയേഷൻ സവിശേഷ കഴിവുകൾ ഉള്ള കുഞ്ഞുങ്ങൾക്കായി നടത്തുന്ന അൽ ഇബ്തിസാമ സ്കൂളിനായി പുരസ്കാര തുക നൽകുന്നതായി വി.എം. സുധീരൻ അറിയിച്ചു.
യുവകലാസാഹിതി ഷാർജ പ്രസിഡന്റ് ജിബി ബേബി അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ അംഗം സത്യൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യു.എ.ഇ പ്രസിഡന്റ് സുഭാഷ് ദാസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗവും യുവകലാസാഹിതി യു.എ.ഇ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീഷ് ചിതറ, യുവകലാസാഹിതി ഷാർജ വൈസ് പ്രസിഡന്റ് സിബി ബൈജു എന്നിവർ സംസാരിച്ചു.