അബൂദബിയില്‍ 1,200 കോടി ദിര്‍ഹമിന്‍റെ 60ലധികം പദ്ധതികള്‍ പൂര്‍ത്തിയായി
text_fieldsഅബൂദബി: നഗരവികസന രംഗത്ത് നവീന മാതൃക തീര്‍ത്ത് അബൂദബി നഗര-ഗതാഗത വകുപ്പ് (ഡി.എം.ടി) തങ്ങളുടെ ‘ജീവിത നിലവാര തന്ത്രത്തിന്‍റെ’ രണ്ടാം ഘട്ടത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 4,200 കോടി ദിര്‍ഹമിന്‍റെ മൊത്തത്തിലുള്ള അംഗീകൃത ബജറ്റില്‍നിന്ന് 1,200 കോടി ദിര്‍ഹം ചെലവിലാണ് ആദ്യ ഘട്ടത്തിലെ 60ലധികം പദ്ധതികള്‍ അബൂദബി ഇതിനകം പൂര്‍ത്തിയാക്കിയത്. താമസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളും പൊതുസ്ഥലങ്ങളും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട ആദ്യ ഘട്ടത്തിന്റെ വിജയത്തിലൂടെ പദ്ധതി പൂര്‍ത്തീകരണ സൂചിക രണ്ട് വര്‍ഷത്തിനുള്ളില്‍ 67 ശതമാനത്തില്‍ നിന്ന് 84 ശതമാനമായി ഉയര്‍ന്നു.
ആദ്യ ഘട്ടത്തിന്റെ മികച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് വര്‍ഷം നീളുന്ന (2026-2031) രണ്ടാം ഘട്ടത്തിന് രൂപം നല്‍കിയിരിക്കുന്നത്. കെട്ടിടങ്ങളും സൗകര്യങ്ങളും നിര്‍മിക്കുന്നതില്‍ നിന്ന് മാറി, അവ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്നും അളക്കുന്നതിനാണ് രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. സൗകര്യങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഉപയോഗ നിരക്ക്, ഇവയുമായി ബന്ധപ്പെട്ട് നടത്തുന്ന സാമൂഹിക പരിപാടികളുടെ ഫലപ്രാപ്തി എന്നിവ പുതിയ പ്രകടന മാനദണ്ഡങ്ങളിലൂടെ വിലയിരുത്തും. അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുസൗകര്യങ്ങളുടെയും നിലവാരം തത്സമയം നിരീക്ഷിക്കുന്നതിനായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമും നൂതന പരിശോധനാ സംവിധാനങ്ങളും രണ്ടാം ഘട്ടത്തില്‍ സജ്ജമാക്കും.
എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ നിര്‍ദേശപ്രകാരമാണ് രണ്ടാം പതിപ്പ് നടപ്പിലാക്കുന്നതെന്നും, വേഗത്തിലുള്ള നഗരവളര്‍ച്ചയെ ജീവിതനിലവാരവുമായി ബന്ധിപ്പിക്കുന്നതില്‍ അബൂദബി വിജയിച്ചുവെന്നും ഡി.എം.ടി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ശൊറാഫ വ്യക്തമാക്കി. അബൂദബിയുടെ നഗരവികസന നയം അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വ്യക്തികളുടെയും കുടുംബങ്ങളുടെയും ക്ഷേമം, നഗരങ്ങളുടെ സുസ്ഥിരത എന്നിവ ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നു. ഹരിത ഇടങ്ങള്‍, കാല്‍നടയാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍, ചെറിയ ദൂരം നടന്നാല്‍ ലഭ്യമായ കമ്മ്യൂണിറ്റി സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
കൂടാതെ സാമൂഹിക വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ മാനസികാരോഗ്യം, കുടുംബബന്ധങ്ങള്‍, മാതാപിതാക്കളുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കല്‍, സാമ്പത്തിക സാക്ഷരത, മുതിര്‍ന്ന പൗരന്മാരുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ട് 30 സാമൂഹിക പദ്ധതികളും കുടുംബ-സാമൂഹിക ജീവിതനിലവാര തന്ത്രത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബൂദബി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍, പഞ്ചസാരയുടെ ഉപയോഗം കുറക്കല്‍, അമിതവണ്ണം തടയല്‍, പ്രതിരോധ ആരോഗ്യ സംരക്ഷണം തുടങ്ങിയവക്കായി ഭക്ഷ്യ-കായിക മേഖലകളുമായി ചേര്‍ന്ന് ആരോഗ്യകരമായ ജീവിതശൈലി പരിപാടികളും നടപ്പിലാക്കിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

