ഔട്ട് പാസായി; സുമനസുകള്‍ക്ക് നന്ദിയോതി രാജേഷ് മടങ്ങി
text_fieldsഅജ്മാന്: നാട്ടിൽ അസുഖബാധിതനായി കിടന്ന അച്ഛെൻറ അരികിലെത്താൻ രേഖകൾക്കായി ഓടി നടന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജേഷ് ധര്‍മ്മരാജിന് ഇന്നലെ രാത്രി നാട്ടിലേക്ക് മടങ്ങി. അജ്മാന് ഇന്ത്യന്‍ അസോസിയേഷെൻറ മികച്ച ഇടപെടലിനെ തുടർന്ന് ഒൗട്ട്പാസും ഇന്ത്യൻ കോൺസുലേറ്റ് മുഖേന ടിക്കറ്റും ലഭിച്ച ഇന്നലെ തന്നെ യാത്രയും സാധ്യമാവുകയായിരുന്നു. ദുരിതമേറിയ ജോലിയും കുറഞ്ഞ വേതനവുമായി പിടിച്ചു നിൽക്കാനാകാതെ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയതായിരുന്നു രാജേഷ്. ദുൈബയിലെത്തി ജോലിക്ക് ശ്രമിച്ചെങ്കിലും രേഖകളില്ലാത്തതിനാല്‍ ആരും ഒപ്പം കൂട്ടിയില്ല. അതിനിടയിലാണ് കാൻസർ ബാധിച്ച പിതാവ് അതീവ ഗുരുതരാവസ്ഥയിലാവുന്നത്.
പിഴയടക്കാൻ പണമില്ലാത്തതിനാൽ ആഗസ്റ്റ് ഒന്നു മുതലുള്ള പൊതുമാപ്പിനായി കാത്തിരുന്നു രാജേഷ്. പൊതുമാപ്പിെൻറ ഒന്നാം ദിനം അജ്മാന് എമിഗ്രേഷനില്‍ എത്തിയെങ്കിലും പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു. ഇനിയെന്ത് ചെയ്യുമെന്ന് വഴിയറിയാതെ നില്ക്കുന്ന രാജേഷിനെ ‘ഗള്‍ഫ് മാധ്യമം’ പ്രതിനിധി അജ്മാന് ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിക്കുകയായിരുന്നു. തൊട്ടു പിറ്റേന്ന് രാജേഷിന്റെ പിതാവ് മരണപ്പെട്ടു. ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച രാജേഷിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി കൂടെയെത്തി ഇന്ത്യന്‍ കോണ്‍സലേറ്റില്‍ നിന്ന് താല്കാലിക പാസ്പോര്‍ട്ട് ലഭ്യമാക്കി.
ഇതുമായി അജ്മാന് എമിഗ്രേഷനില്‍ എത്തിയ രാജേഷിെൻറ വിഷമങ്ങൾ അജ്മാന് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് ഒ.വൈ.അഹമദ് ഖാന്, ജനറല്‍ സെക്രട്ടറി രൂപ് സിദ്ധു എന്നിവര്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ കണ്ട് ബോധ്യപ്പെടുത്തുകയായിരുന്നു. ആവശ്യമായ രേഖകൾ ശരിയാക്കാൻ ഒാരോ ഒാഫീസിലും ഒ.വൈ.എ.ഖാനും രൂപ് സിദ്ധുവും രാജേഷിനൊപ്പം ചെന്നു. ഇൗ പ്രത്യേക പരിശ്രമത്തിെൻറ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് ഔട്ട് പാസ് അനുവദിക്കപ്പെടുകയായിരുന്നു. ഔട്ട് പാസ് കയ്യില്‍ കിട്ടിയ രാജേഷ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥനു മുന്നില്‍ വിങ്ങി പൊട്ടി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മികച്ച സേവനമാണ് ലഭിച്ചതെന്നു രൂപ് സിദ്ധു 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
രാജേഷിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി നാട്ടിലേക്കുള്ള ടിക്കറ്റ് ലഭ്യമാക്കാനും അസോസിയേഷൻ വേണ്ടതെല്ലാം ചെയ്തു. അവസാനമായി ഒരു നോക്ക് കാണാന്‍ പോലുമായില്ലെങ്കിലും നാട്ടിലെത്തി അച്ഛന്റെ കുഴിമാടത്തിനടുത്തെങ്കിലും എത്രയും പെട്ടന്ന് എത്തിപ്പെടാനാണ് രാജേഷ് ശ്രമിച്ചത്. തനിക്ക് വേണ്ടി പ്രയത്നിച്ച എല്ലാ സുമനസുകള്‍ക്കും നന്ദി രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്. തൃശൂർ സി.എച്ച് സെൻറർ ഭാരവാഹികള്‍ രാജേഷിന് സ്നേഹോപഹാരവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
