നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ ഇടിച്ചു; രണ്ടു പേർക്ക് പരിക്ക്
text_fieldsദുബൈ: അൽ നഹ്ദ സ്ട്രീറ്റിൽ നിയന്ത്രണംവിട്ട മിനിലോറി ബസ് സ്റ്റോപ്പിൽ ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. അൽ നഹ്ദ മെട്രോ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരിക്കാണുള്ളത്. മറ്റൊരാൾക്ക് പരിക്ക് ഗുരുതരമല്ല. രണ്ടുപേരെയും അതിവേഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദുബൈ പൊലീസ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ഓപറേഷൻ റൂമിൽ സംഭവം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചയുടൻ ട്രാഫിക് പട്രോൾ വാഹനങ്ങൾ അപകടസ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി ഗതാഗതം നിയന്ത്രിച്ചതായി ദുബൈ പൊലീസിലെ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ട്രാഫിക് ആക്സിഡന്റ്സ് വകുപ്പിലെ വിദഗ്ധർ സംഭവസ്ഥലത്തെത്തി സാങ്കേതിക പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിനു ശേഷം കേടുപാടുകൾ സംഭവിച്ച വാഹനം മാറ്റുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് കുറച്ചുസമയം അൽ നഹ്ദ സ്ട്രീറ്റിൽ ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ അതിവേഗത്തിൽ പൊലീസ് വാഹനങ്ങൾ മറ്റു വഴികളിലേക്ക് തിരിച്ചുവിട്ടത് തിരക്ക് കുറയാനും ഗതാഗതം എളുപ്പമാക്കാനും സഹായിച്ചു.
വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും റോഡിൽ പൂർണമായും ജാഗ്രത പാലിക്കണമെന്നും ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ ആവശ്യപ്പെട്ടു. പെട്ടെന്നുള്ള ലൈൻ മാറ്റമാണ് പ്രധാനപ്പെട്ട ഗുരുതരമായ അപകടങ്ങൾക്കെല്ലാം കാരണമാകുന്നതെന്നും വാഹനങ്ങൾ സ്ഥിരമായി പരിശോധന നടത്തണമെന്നും സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

