മ്മടെ തൃശ്ശൂർ; അത്തച്ചമയ ഘോഷയാത്ര 24ന്
text_fieldsമ്മടെ തൃശൂർ, അബൂദബി മലയാളി സമാജം, ഇക്വിറ്റി പ്ലസ് എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന
അത്തച്ചമയ ഘോഷയാത്രയുടെ പോസ്റ്റർ പ്രകാശന ചടങ്ങ്
ദുബൈ: കേരളത്തിന്റെ തനത് പൈതൃകവും സമ്പന്നമായ കലാരൂപങ്ങളും പാരമ്പര്യങ്ങളും യു.എ.ഇയെ പരിചയപ്പെടുത്താനായി പ്രശസ്തമായ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നു. തൃശൂരിന്റെ സ്നേഹ കൂട്ടായ്മയായ ‘മ്മടെ തൃശ്ശൂർ’, അബൂദബി മലയാളി സമാജം എന്നീ സംഘടനകളും ഇക്വിറ്റി പ്ലസും ചേർന്നാണ് ഘോഷയാത്ര സംഘടിപ്പിക്കുക. ആഗസ്റ്റ് 24ന് അബൂദബി മദീനത്ത് സായിദ് ഷോപ്പിങ് സെന്ററിലാണ് പരിപാടി. അബൂദബി മലയാളി അസോസിയേഷൻ ഹാളിൽ ശനിയാഴ്ച പോസ്റ്റർ പ്രകാശനം നടന്നു.
അബൂദബി മലയാള അസോസിയേഷൻ അധ്യക്ഷൻ സലിം ചിറക്കൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. വർണശബള കലാപരിപാടികൾ, കഥകളി തിറ, ശിങ്കാരിമേളം, പുലികളി, ചെണ്ടമേളം, അമ്മൻ കുടം, സംഗീതനിശ തുടങ്ങി കേരള സംസ്കാരത്തിന്റെ സമ്പൂർണ പ്രതീകങ്ങളായ മറ്റ് കലാരൂപങ്ങളും ഘോഷയാത്രയിൽ സമന്വയിപ്പിക്കും. കൂടാതെ തിരുവാതിരക്കളി മത്സരം, വിവിധ കലാമത്സരങ്ങൾ എന്നിവയും അരങ്ങേറും. ചടങ്ങിൽ മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽദേവൻ, ഇക്വിറ്റി പ്ലസ് മാനേജിങ് ഡയറക്ടർ ജൂബി കുരുവിള എന്നിവർ സംസാരിച്ചു.
സമാജം ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ എ.ഡി.എം.എസിന്റെ കീഴിലുള്ള 12 സംഘടന പ്രതിനിധികൾ പങ്കെടുത്തു. മ്മടെ തൃശൂർ ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ, ടി.എം. നിസാർ, യാസിർ അറഫാത്ത്, ബി.വൈ. യേശുശീലൻ, ജാസിർ സലിം, അസി ചന്ദ്രൻ, ദീപേഷ്, രഞ്ജിത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

