നമ്മുടെ അഭിലാഷങ്ങൾ ഉയരങ്ങളിൽതന്നെ -ശൈഖ് ഹംദാൻ
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ:ദീർഘകാല ബഹിരാകാശ ദൗത്യത്തിന് ഇമാറാത്തി ബഹിരാകാശ യാത്രികൻ പുറപ്പെടുന്നത് നീട്ടിയതിൽ പ്രതികരണവുമായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വിക്ഷേപണം നീട്ടിയെങ്കിലും രാജ്യത്തിന്റെ അഭിലാഷങ്ങൾ ഉയരങ്ങളിൽ തന്നെയാണെന്നായിരുന്നു ശൈഖ് ഹംദാന്റെ ട്വീറ്റ്. ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്കും മറ്റു ക്രൂ അംഗങ്ങൾക്കും സുരക്ഷിതവും വിജയകരവുമായ ദൗത്യം ആശംസിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാൽക്കൺ-9 റോക്കറ്റ് ബഹിരാകാശ യാത്രാസംഘവുമായി കുതിച്ചുയരുന്നത് കാണാനായി ശൈഖ് ഹംദാൻ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിൽ കൗണ്ട്ഡൗൺ സമയത്ത് എത്തിച്ചേർന്നിരുന്നു. നിശ്ചയിച്ച സമയവും കഴിഞ്ഞതോടെ അദ്ദേഹം കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ചചെയ്യുന്നതും തത്സമയ സംപ്രേഷണത്തിൽ കാണാമായിരുന്നു. അൽപസമയത്തിന് ശേഷം ‘നാസ’യുടെ ദൗത്യം നീട്ടിയതായ അറിയിപ്പ് വന്നശേഷമാണ് ട്വിറ്ററിൽ പ്രതീക്ഷാപൂർവമായ പ്രതികരണം കുറിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ‘റാശിദ്’ റോവർ വിക്ഷേപിച്ചപ്പോഴും ബഹിരാകാശ നിലയത്തിൽ എത്തി ഉദ്യോഗസ്ഥരോടൊപ്പം ശൈഖ് ഹംദാൻ ചരിത്രനിമിഷം വീക്ഷിച്ചിരുന്നു.