പകുതി പിന്നിട്ട് ഊദ് മേത്ത-അൽ അസായിൽ സ്ട്രീറ്റ് വികസനം
text_fieldsനിർമാണം പുരോഗമിക്കുന്ന ഊദ് മേത്ത-അൽ അസായിൽ സ്ട്രീറ്റിന്റെ ഭാഗം
ദുബൈ: നഗരത്തിലെ ഗതാഗതരംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമാകുന്ന ഊദ് മേത്ത-അൽ അസായിൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ 60 ശതമാനം പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ശൈഖ് റാശിദ് കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
4.3 കി.മീറ്റർ നീളമുള്ള പാലങ്ങളും 14 കി.മീറ്റർ നീളത്തിൽ റോഡുകളും ഉൾപ്പെടുന്ന നാല് പ്രധാന കവലകളുടെ വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 2030 ഓടെ പദ്ധതി വഴി 4.2 ലക്ഷത്തിലധികം താമസക്കാർക്ക് സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്.
അൽ അസായിൽ സ്ട്രീറ്റിനും അൽ ഖൈൽ റോഡിനും ഇടയിൽ അൽ വാസൽ ക്ലബ് സ്ട്രീറ്റ് വഴിയുള്ള ഗതാഗതം മെച്ചപ്പെടാൻ പദ്ധതി ഉപകരിക്കും. അതോടൊപ്പം ഊദ് മേത്ത റോഡിലേക്കും അൽ വാസൽ ക്ലബ് സ്ട്രീറ്റിലേക്കും പ്രത്യേക എക്സിറ്റും പദ്ധതിയിലൂടെ രൂപപ്പെടും.അൽ അസായിൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിന്റെ വടക്ക് ഭാഗത്തേക്ക് ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള ഗതാഗതത്തിന് സൗകര്യമൊരുക്കുന്ന പാലങ്ങളുടെ 70 ശതമാനം പദ്ധതി കരാറുകാരൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇത് ഈ വർഷം ആദ്യ പാദത്തിൽ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നതായും ആർ.ടി.എ വെളിപ്പെടുത്തി.
ദുബൈ-അൽഐൻ റോഡിൽ നിന്ന് അൽ വാസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് സൗകര്യമൊരുക്കുന്ന തുരങ്കത്തിന്റെ ഏകദേശം 60 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്.
ഈ വർഷം മൂന്നാം പാദത്തിൽ തുറക്കാൻ പോകുന്ന റോഡിന്റെ വീതികൂട്ടലും അനുബന്ധപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
സഅബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത, ഉമ്മു ഹുറൈർ, ലത്തീഫ ഹോസ്പിറ്റൽ, അൽ വാസൽ ക്ലബ് എന്നിവ ഉൾപ്പെടുന്ന നിരവധി പ്രധാന സർവീസ്, റെസിഡൻഷ്യൽ, വികസന മേഖലകൾക്ക് പദ്ധതി ഉപകരിക്കും. ഊദ് മേത്ത റോഡിന്റെ ശേഷി ഇരുദിശകളിലേക്കും മണിക്കൂറിൽ 10,400 വാഹനങ്ങൾ എന്നതിൽ നിന്ന് മണിക്കൂറിൽ 15,600 വാഹനങ്ങളായി ഈ പദ്ധതിയിലൂടെ വർധിക്കും.
യാത്രാസമയം 20 മിനിറ്റിൽ നിന്ന് വെറും അഞ്ച് മിനിറ്റായി കുറയുകയും 75 ശതമാനം പുരോഗതി കൈവരിക്കുകയും ചെയ്യും. അൽ ഖൈൽ റോഡിൽ നിന്ന് ഊദ് മേത്ത റോഡിലേക്കുള്ള ഗതാഗതത്തിന് നിലവിലുള്ള പാലത്തിലെ പാതകളുടെ എണ്ണം രണ്ട് വരിയിൽ നിന്ന് മൂന്ന് വരിയായി ഉയർത്തുന്നതും പാലത്തിന്റെ ശേഷി മണിക്കൂറിൽ 2200 വാഹനങ്ങളിൽ നിന്ന് 3300 വാഹനങ്ങളായി ഉയർത്തുന്നതും പദ്ധതിയിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

