ഊദ് മേത്ത-അൽ അസായേൽ റോഡ് വികസനം; മൂന്നുവരി മേൽപാലം തുറന്നു
text_fieldsദുബൈ: അൽ ഖൈൽ റോഡിൽനിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റ് വഴി അൽ അസായേൽ സ്ട്രീറ്റിലേക്ക് സഞ്ചരിക്കാവുന്ന മൂന്ന് വരികളുള്ള പ്രധാന മേൽപ്പാലം ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തുറന്നുകൊടുത്തു. ഊദ് മേത്ത - അൽ അസായേൽ സ്ട്രീറ്റുകളുടെ വൻകിട വികസന പദ്ധതിയുടെ ഭാഗമായ ഈ മേൽപ്പാലത്തിന് മണിക്കൂറിൽ 3,600 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. നിലവിൽ ഈ വികസന പദ്ധതിയുടെ 90 ശതമാനം ജോലികളും പൂർത്തിയായതായി ആർ.ടി.എ വ്യക്തമാക്കി.
ആഗസ്റ്റ് അവസാനത്തോടെ പദ്ധതിയുടെ ഭാഗമായുള്ള മറ്റ് പ്രധാന നിർമാണങ്ങളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഊദ് മേത്ത സർവീസ് റോഡിനെ ബർ ദുബൈയിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ശൈഖ് റാശിദ് റോഡുമായി ബന്ധിപ്പിക്കുന്ന ആദ്യ തുരങ്കവും ദുബൈ-അൽ ഐൻ റോഡിൽനിന്ന് അൽ വസൽ ക്ലബിലേക്ക് പോകുന്ന രണ്ടാമത്തെ തുരങ്കവും ആഗസ്റ്റിൽ പൂർത്തിയാകും. ഇതിനൊപ്പം അൽ അസായേൽ സ്ട്രീറ്റിൽ നിന്ന് ഊദ് മേത്ത സ്ട്രീറ്റിലേക്ക് ഇടത്തോട്ട് തിരിയുന്ന വാഹനങ്ങൾക്കായുള്ള പുതിയ മേൽപ്പാലവും ഗതാഗതത്തിന് സജ്ജമാകും.
നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി 4.3 കിലോമീറ്റർ നീളമുള്ള പാലങ്ങളും രണ്ട് തുരങ്കങ്ങളും, 14 കിലോമീറ്റർ റോഡ് വികസനവും ഉൾപ്പെടെ നാല് പ്രധാന കവലകളുടെ നവീകരണമാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2030ഓടെ സബീൽ, അൽ ജദ്ദാഫ്, ഊദ് മെയ്ത്ത, ഉമ്മു ഹുറൈർ തുടങ്ങിയ പ്രദേശങ്ങളിൽ ജനസംഖ്യ 4.2 ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുൾപ്പെടെ ലത്തീഫ ഹോസ്പിറ്റൽ, അൽ വസൽ ക്ലബ് എന്നിവിടങ്ങളിലേക്ക് പോകുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് പുതിയ പാത ആശ്വാസമാകും.
ദുബൈയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഈ പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. വികസനം പൂർത്തിയാകുന്നതോടെ ഊദ് മേത്ത സ്ട്രീറ്റിലെ ഗതാഗതശേഷി ഇരുദിശകളിലേക്കും മണിക്കൂറിൽ 10,400 വാഹനങ്ങളിൽ നിന്ന് 15,600 വാഹനങ്ങളായി ഉയരും. പ്രദേശത്തെ യാത്രാസമയത്തിൽ 75 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും, മുമ്പ് 20 മിനിറ്റ് എടുത്തിരുന്ന യാത്ര ഇനി കേവലം അഞ്ചു മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യ പാദത്തിൽ ആർ.ടി.എ രണ്ട് മേൽപ്പാലങ്ങൾ തുറന്നിരുന്നു. ഇതിലൊന്ന് ഊദ് മേത്ത സ്ട്രീറ്റ്, അൽ അസായേൽ സ്ട്രീറ്റ്, അൽ വസൽ ക്ലബ് സ്ട്രീറ്റ് എന്നിവ ചേരുന്ന കവലയിലാണ്. രണ്ടുവരി പാതയായ ഇവിടെ മണിക്കൂറിൽ 2,400 വാഹനങ്ങൾക്ക് സഞ്ചരിക്കാം. രണ്ടാമത്തെ പാലം അൽ വസൽ ക്ലബ് സ്ട്രീറ്റ്, അൽ ഖൈൽ റോഡ് കവലയിലുള്ളതാണ്. ബിസിനസ് ബേ ക്രോസിങ് ഭാഗത്തേക്ക് മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് കടന്നുപോകാൻ ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

