ശൈഖ് സായിദിെൻറ സ്മരണയിൽ ഒട്ടകപ്പുറത്ത് യു.എസ് പൗരെൻറ മരുഭൂ യാത്ര
text_fieldsഅബൂദബി: ശൈഖ് സായിദിെൻറ ജീവിത നേട്ടങ്ങളും മനുഷ്യരോടുള്ള സ്നേഹവും അനുസ്മരിച്ച് അമേരിക്കൻ സാഹസികൻ പത്ത് ദിവസത്തെ മരുഭൂ യാത്ര നടത്തുന്നു. മൈക് മിറ്റ്സ്ഗർ എന്ന 34കാരനാണ് രണ്ട് ഒട്ടകങ്ങളുടെ സഹായത്തോടെ 170 കിലാമീറ്റർ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നത്. മൂന്ന് വർഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം സ്വന്തമായി വാങ്ങിയതാണ് ഒട്ടകങ്ങൾ. യാത്ര പൂർത്തീകരിക്കാൻ പത്ത് ദിവസം എടുക്കുമെന്നാണ് കരുതുന്നത്. 1926ൽ ശൈഖ് സായിദ് കുട്ടിയായിരിക്കുേമ്പാൾ കുടുംബത്തോടൊപ്പം നടത്തിയ ഇത്തരം യാത്രയെ അനുസ്മരിച്ചാണ് മൈക്കിെൻറ സഞ്ചാരം. ഇമാറാത്തികളുടെ പരമ്പരാഗത വസ്ത്രമായ കന്തൂറ ധരിച്ച് വെള്ളിയാഴ്ചയാണ് മൈക് അബൂദബിയിൽനിന്ന് പുറപ്പെട്ടത്. ഒക്ടോബർ 15ന് അൽെഎനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഒട്ടകത്തിൽ സഞ്ചരിക്കുകയും രണ്ടാമത്തേതിൽ സാമഗ്രികൾ കൊണ്ടുപോവുകയുമാണ്.
മുൻകൂട്ടി ആസൂത്രണം ചെയ്ത ഇടങ്ങളിൽ മൈക്കിെൻറ സുഹൃത്തുക്കൾ ആവശ്യമായ സാധനങ്ങളുമായി കാത്തുനിൽക്കും. ഭക്ഷണവും വെള്ളവും ശേഖരിക്കാൻ രണ്ട് സ്ഥലങ്ങളിലാണ് നിർത്തുകയെന്ന് മൈക് പറയുന്നു. ഒരു തമ്പ് ഉണ്ടെങ്കിലും വലിയ കാറ്റിൽ പിടിച്ചുനിൽക്കാൻ സാധിക്കുമോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യു.എ.ഇയുടെ പൈതൃകത്തെയും പരമ്പരാഗത ജീവിതത്തെയും പാരമ്പര്യ വൈദഗ്ധ്യത്തെയും സ്നേഹിക്കുന്നതിനാലാണ് താൻ ഒട്ടകങ്ങളെ വാങ്ങിയതെന്ന് മൈക് പറഞ്ഞു. യാത്രയിൽ ഇൗത്തപ്പഴം, പാൽ, പഴങ്ങൾ, ഉരുളക്കിഴങ്ങ് തുടങ്ങിയ ലളിതമായ ഭക്ഷണമായിരിക്കും കഴിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മരുഭൂമിയിൽ ഉറങ്ങുകയും ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയും ചെയ്യും. അമേരിക്കയിലെ മസാചുസെറ്റ്സുകാരനായ മൈക് ഇമാറാത്തി സംസ്കാരം പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയിലെത്തിയത്. കാർഷിക ശിൽപശാലകൾ സംഘടിപ്പിക്കുകയും വിവിധ സംഘങ്ങൾക്ക് മരുഭൂ അതിജീവന വിദ്യകൾ അഭ്യസിപ്പിക്കുകയുമാണ് ഇദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ദൗത്യം.