അവയവദാന കാമ്പയിന് ഫുജൈറയിൽ തുടക്കം
text_fieldsയു.എ.ഇ മുൻ പരിസ്ഥിതി ജലമന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി പരിപാടി ഉദ്ഘാടനം
ചെയ്യുന്നു
ഫുജൈറ: യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ‘ഹയാത്ത്’ സംഘടനയുമായി ചേർന്ന് ഗ്രീൻ ലൈഫിന്റെ നേതൃത്വത്തില്‍ അവയവദാന കാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫുജൈറയിൽ നടന്നു. ഫുജൈറ അൽ ഹൈൽ മീഡിയ പാർക്കിൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം യു.എ.ഇ മുൻ പരിസ്ഥിതി ജല മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി നിർവഹിച്ചു.
യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ ഹയാത്ത് ചാമ്പ്യനും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. മതമോ ജാതിയോ ഒന്നും നോക്കാതെ എല്ലാവരും മനുഷ്യത്വം എന്ന അസ്തിത്വത്തിൽനിന്ന് നല്ല മനുഷ്യനാവാൻ ശ്രമിക്കണമെന്നും അവയവദാനത്തിന് എല്ലാവരും സന്നദ്ധരാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അവയവദാനത്തിന് യു.എ.ഇ നൽകുന്ന പ്രാധാന്യത്തെയും പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് അഫയേഴ്സ് ഡിപ്പാർട്മെന്റ് മേധാവിയും കെ.എം.സി.സി യു.എ.ഇ പ്രസിഡന്റുമായ ഡോ. പുത്തൂർ റഹ്മാൻ, ഫുജൈറ ഹോസ്പിറ്റല്‍ സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. മോനി കെ.വിനോദ്, മിഡിലീസ്റ്റ് ഗ്രൂപ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സജി ചെറിയാൻ, ഫാ. ഏബ്രഹാം വർഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫുജൈറയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളായി 150ഓളം ആളുകൾ പങ്കെടുത്തതിൽ ഭൂരിപക്ഷം പേരും അവയവദാനത്തിന് സന്നദ്ധരായി പേര് രജിസ്റ്റർ ചെയ്തു. ജോസ് കോതൂര്‍, സിബിച്ചന് ജോസഫ്, ഡോ. ജോബി ജോര്‍ജ്, ജിനിഷ് വര്‍ഗീസ്, ജോവിന് ജോബ് എന്നിവര്‍ നേതൃത്വം നല്കിയ പരിപാടിക്ക് ബിനു കോശി സ്വാഗതവും അനീഷ് മുക്കത് നന്ദിയും പറഞ്ഞു.

