അവയവദാനത്തിലൂടെ ആറുപേർക്ക് ജീവനേകി പ്രവാസിയുടെ അന്ത്യയാത്ര
text_fieldsബാബുരാജൻ
അബൂദബി: ഇലക്ട്രിക് സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി ആറുപേരിലൂടെ ഇനിയും ജീവിക്കും. 50കാരനായ എം. ബാബുരാജന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതം നല്‍കിയതോടെയാണിത് സാധ്യമായത്. ഡിസംബര്‍ 16നായിരുന്നു അദ്ദേഹം അപകടത്തില്‍ മരിച്ചത്.
ഭാര്യ കുമാരിയും പ്രീതി, കൃഷ്ണപ്രിയ എന്നീ രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് ബാബുരാജന്റെ കുടുംബം. അബൂദബി വേള്‍ഡ് ട്രേഡ് സെന്ററിനുസമീപം ട്രാഫിക് സിഗ്നലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ബാബുരാജനെ ഇലക്ട്രിക് സ്കൂട്ടര്‍ ഇടിച്ചുതെറിച്ചിപ്പിച്ചതെന്ന് ബന്ധു ശ്രീകണ്ഠന് പറഞ്ഞു. ജോലി ചെയ്യുന്ന ജ്വല്ലറിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ശ്രീകണ്ഠനും ഇതേ ജ്വല്ലറിയിലാണ് ജോലി ചെയ്യുന്നത്. അപകടത്തിൽ ബാബുരാജന് റോഡില്‍ തലയടിച്ചാണ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ബാബുരാജന്റെ അയല്‍വാസിയും അബൂദബിയില്‍ പ്രവാസിയുമായ ഷിബു മാത്യുവാണ് അവയവദാനത്തെക്കുറിച്ച് കുടുംബത്തോട് സംസാരിച്ചത്. ബാബുരാജന്റെ വേര്‍പാടിന്റെ വേദനയിലും കുടുംബം അതിന് സമ്മതം മൂളുകയായിരുന്നു. തുടര്‍ന്ന് ബാബുരാജന്റെ കുടുംബവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അടക്കമുള്ളവര്‍ ഹയാത്ത് ദേശീയ അവയവദാന പദ്ധതിയുമായി ഇടപെട്ട് നടപടികള്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്ന് അബൂദബിയിലെ മറ്റൊരു ആശുപത്രിയിലേക്ക് ബാബുരാജനെ മാറ്റുകയും ചൊവ്വാഴ്ച അവയവങ്ങള്‍ നീക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തു. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കരള്‍, ശ്വാസകോശം എന്നിവയാണ് ആറുരോഗികൾക്ക് നൽകിയത്. യമന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ബാബുരാജന് 10 വര്‍ഷം മുമ്പാണ് യു.എ.ഇയിലെത്തിയത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

