ദുബൈയിൽ ഡെലിവറി ബൈക്കുകളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടാൻ അവസരം
text_fieldsദുബൈ: പ്രവർത്തന കാലാവധി കഴിഞ്ഞ ഡെലിവറി ബൈക്കുകൾക്ക് ഒരു വർഷം കൂടി രജിസ്ട്രേഷൻ പുതുക്കാൻ അവസരമൊരുങ്ങുന്നു. ഇതിനായി പുതിയ പരിശോധന മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മികച്ച അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി വികസിപ്പിച്ചതാണ് സമഗ്രമായ സാങ്കേതിക പരിശോധനകൾ.
പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ആർ.ടി.എ വെബ്സൈറ്റ് വഴിയും പരിശോധന കേന്ദ്രങ്ങൾ വഴിയും സാങ്കേതിക പരിശോധനകൾക്ക് അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിൽ ഓപറേഷനൽ ലൈഫ് എക്സ്റ്റൻഷൻ സേവനത്തിന് കീഴിൽ ഈ സേവനം ലഭ്യമാകുമെന്ന് ആർ.ടി.എ അറിയിച്ചു. ഡെലിവറി ബൈക്കുകൾക്ക് നിലവിലെ പ്രവർത്തന കാലാവധി നാലു വർഷമാണ്.
എന്നാൽ, സാങ്കേതികമായി പ്രവർത്തന ക്ഷമമാണെന്ന് ബോധ്യപ്പെട്ടാൽ ഒരു വർഷം കൂടി കാലാവധി നീട്ടിനൽകുകയാണ് ലക്ഷ്യം. അഞ്ചാം വർഷത്തേക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് ബൈക്കുകൾ സുരക്ഷിതവും ഡെലിവറി പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമാണെന്ന് ഉറപ്പാക്കുന്ന വ്യക്തമായ ഒരു സംവിധാനമാണ് നടപ്പിലാക്കുന്നത്.
ബൈക്കുകൾ ഉപയോഗിക്കുന്ന ഡെലിവറി കമ്പനികൾക്ക് ലളിതവും വേഗത്തിലുള്ളതുമായ നടപടികളിലൂടെ ഈ സേവനം ലഭ്യമാകും. ഇതിനായി ആദ്യം ആർ.ടി.എ വെബ്സൈറ്റിൽ കോർപറേറ്ററ്റ് അകൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ സേവനം തെരഞ്ഞെടുക്കണം. ശേഷം പരമാവധി ഉപയോഗ കാലാവധി കഴിഞ്ഞ ബൈക്കുകൾ കണ്ടെത്തി നിയുക്ത കേന്ദ്രങ്ങളിൽ ആവശ്യമായ സാങ്കേതിക പരിശോധന പൂർത്തിയാക്കാം.
ഇതിന് ആവശ്യമായി വരുന്ന ഫീസുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് പുറത്തുവിടും. ദുബൈയിൽ ഡെലിവറി മേഖലയിൽ അതിവേഗ വളർച്ചതയാണ് രേഖപ്പെടുത്തിയതെന്ന് ആർ.ടി.എയുടെ കൊമേഴ്സ്യൽ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് ഡയറക്ടർ ഖാലിദ് മുഹമ്മദ് സാലിഹ് പറഞ്ഞു. സാങ്കേതിക പരിശോധന സംരംഭം ഈ വളർച്ചയെ പിന്തുണക്കുകയും ഉപഭോക്താക്കളുടെ അനുഭവവും സേവന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യും.
അതോടൊപ്പം റൈഡർമാരുടെയും റോഡ് ഉപഭോക്താക്കളുടെയും സുരക്ഷ മെച്ചപ്പെടുത്താനും ഡെലിവറി കമ്പനികളുടെ പ്രവർത്തന ചെലവ് കുറക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡെലിവറി ബൈക്സ് ഓപറേഷനൽ ലൈഫ് എക്സ്റ്റൻഷൻ സംരംഭം ഇത്തരം പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും സുസ്ഥിരമായ വളർച്ചയെ പിന്തുണക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

