സായിദ് മ്യൂസിയത്തിൽ വാര്‍ഷിക അംഗത്വമെടുക്കാന്‍ അവസരം
text_fieldsസായിദ് ദേശീയ മ്യൂസിയം
അബൂദബി: ഈ വര്‍ഷം ഡിസംബര്‍ മൂന്നിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനിരിക്കുന്ന സായിദ് ദേശീയ മ്യൂസിയത്തിന്റെ വാര്‍ഷിക അംഗത്വമെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. വാര്‍ഷിക അംഗത്വമെടുക്കുന്നവര്‍ക്ക് മ്യൂസിയത്തിലെ ഗാലറികളും പ്രദര്‍ശനങ്ങള്‍ക്കും നിയന്ത്രണമില്ലാതെ സന്ദര്‍ശിക്കാനാവും. ഇവിടെ നടത്തുന്ന പരിപാടികള്‍ക്കും ശില്പശാലകളിലും പങ്കെടുക്കാന്‍ മുന്‍ഗണനയും എക്സ്ക്ലൂസീവ് പ്രിവ്യൂകള്ക്കുള്ള ക്ഷണവും ലഭിക്കും.
ഇതിനു പുറമേ മ്യൂസിയത്തിലെ റീട്ടെയില്‍ ഷോപ്പുകളിലും ഭക്ഷണശാലകളിലും പ്രത്യേക ഇളവും അനുവദിക്കും. വ്യക്തിഗതം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്നുതരം അംഗത്വ ഫീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വ്യക്തിഗത അംഗത്വമെടുക്കുന്നതിന് 210 ദിര്‍ഹമാണ് ഫീസ്.
ഇവര്‍ക്ക് തനിച്ചോ അല്ലെങ്കില്‍ പങ്കാളിക്കൊപ്പമോ മ്യൂസിയം സന്ദര്‍ശിക്കാവുന്നതാണ്. അധ്യാപകര്‍ക്കുള്ള അംഗത്വ ഫീസ് 150 ദിര്‍ഹമാണ്. മ്യൂസിയത്തിലുള്ള സ്രോതസ്സുകളില്‍നിന്നോ അല്ലെങ്കില്‍ ശില്പശാലകളില് പങ്കെടുത്തോ ലഭിക്കുന്ന പുതിയ വിവരങ്ങൾ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള സുവർണവസരമാണ് അവര്‍ക്ക് ലഭിക്കുക. 150 ദിര്‍ഹമാണ് വിദ്യാര്‍ഥികളുടെ അംഗത്വ ഫീസ്. പ്രദര്‍ശനങ്ങള്‍, പരിപാടികള്‍ വിദ്യാഭ്യാസ പരിപാടികള്‍ മുതലായവയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെയാവും.
മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന മുതിര്‍ന്നവര്‍ക്ക് 70 ദിര്‍ഹമാണ് ടിക്കറ്റ് ഈടാക്കുക. അതേസമയം വയോജനങ്ങള്‍ക്കും നിശ്ചയദാര്‍ഢ്യ ജനതക്കും ഇവരെ അനുഗമിക്കുന്നവര്‍ക്കും 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. അധ്യാപകര്‍ക്കും 18 വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും 35 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. zayednationalmuseum.ae എന്ന വെബ്സൈറ്റിലൂടെ വാര്‍ഷിക അംഗത്വവും ടിക്കറ്റുകളും
വാങ്ങാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

