പൈതൃക സംരക്ഷണ രംഗത്ത് അവസരം; ‘ലാൻഡ് 2027’ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsഅബൂദബി: സാംസ്‌കാരിക, പൈതൃക മേഖലകളിലെ ഡോക്യുമെന്‍റേഷൻ പ്രഫഷനലുകൾക്കായി അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് (ഡി.സി.ടി അബൂദബി) സംഘടിപ്പിക്കുന്ന ‘ലാൻഡ് 2027’ അന്താരാഷ്ട്ര പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ 20 പൈതൃക വിദഗ്ധർക്കാണ് ഇത്തവണ അവസരം ലഭിക്കുക.
മേഖലയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ സമഗ്ര പരിശീലന പരിപാടി 2027 ഏപ്രിൽ 26 മുതൽ മെയ് അഞ്ചുവരെ അൽ ഐനിലാണ് നടക്കുക. ഇതിന് മുന്നോടിയായി 2027 ജനുവരി മുതൽ ഏപ്രിൽ വരെ ഓൺലൈൻ ഇൻട്രൊഡക്ടറി കോഴ്‌സുകളും ഉണ്ടായിരിക്കും. അൽ ഐനിലെ പ്രസിദ്ധമായ ഹിലി ഒയാസിസിനെ പ്രായോഗിക പഠനകേന്ദ്രമാക്കിയാണ് പരിശീലനം നടപ്പാക്കുന്നത്.
അപേക്ഷിക്കേണ്ട രീതിയും യോഗ്യതയും
ആർക്കിടെക്ചർ, ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചർ, അർബൻ പ്ലാനിങ്, ആർക്കിയോളജി, പൈതൃക സംരക്ഷണം, ജിയോഗ്രഫി, ജി.ഐ.എസ്, എൻവയോൺമെന്‍റൽ സയൻസ്, നരവംശശാസ്ത്രം, സോഷ്യൽ സയൻസ്, ഹെറിറ്റേജ് മാനേജ്‌മെന്‍റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന തുടക്കക്കാർക്കും ഇടത്തരം പരിചയസമ്പന്നർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലേഴ്‌സ് ബിരുദം. പൈതൃക മേഖലയിൽ മൂന്നുമുതൽ അഞ്ചു വർഷം വരെയുള്ള പ്രവൃത്തിപരിചയം. ഫീൽഡ് വർക്കുകളിലുള്ള പരിചയം, അന്താരാഷ്ട്ര ടീമുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള കഴിവ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയുണ്ടാകണം.
ഐകോമോസ്, ഐ.യു.സി.എൻ തുടങ്ങിയ ആഗോള സംഘടനകളുമായി സഹകരിച്ചാണ് ചേദാർ പദ്ധതിയുടെ ഭാഗമായി കോഴ്‌സ് സംഘടിപ്പിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ആണ്. യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചും അപേക്ഷാ ഫോമിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് abudhabiculture.ae/en/land-2027 എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

