ഗിഫ്റ്റ് സിറ്റിയിലെ സാധ്യതകൾ;തേടി വെൻചുറോവ സംഘം
text_fieldsഅഹ്മദാബാദിലെ ഗിഫ്റ്റ് സിറ്റി സന്ദർശിച്ച വെൻചുറോവ സംഘം
ദുബൈ: യു.എ.ഇയിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും 80ലധികം എൻ.ആർ.ഐ സംരംഭകരുടെ ശൃംഖലയായ വെൻചുറോവയുടെ പ്രതിനിധി സംഘം അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റി സോൺ സന്ദർശിച്ചു. സോണിലെ ഏകജാലക ലൈസൻസിങ് അതോറിറ്റിയായ ഐ.എഫ്.എസ്.സി.എയുടെ ക്ഷണപ്രകാരമാണ് ഭാവിയിലെ സംരംഭ സാധ്യതകൾ അറിയാനും പരസ്പര സഹകരണത്തിന്‍റെ സാധ്യതകൾ വിലയിരുത്താനും സാമ്പത്തിക വിദഗ്ദരും പ്രധാന സംരംഭകരുമടങ്ങുന്ന സംഘം ‘ഗിഫ്റ്റ് സിറ്റി’ സന്ദർശിച്ചത്. ആഗോള നിക്ഷേപ സമൂഹത്തെയും എൻ.ആർ.ഐ നിക്ഷേപ സമൂഹത്തെയും നിക്ഷേപ രംഗത്ത് ആകർഷിക്കുന്ന തരത്തിൽ ദുബൈ-സിംഗപ്പൂർ മാതൃകയിൽ ഇന്ത്യയിൽ വളർന്നു വരുന്ന പ്രത്യേക സാമ്പത്തിക മേഖലയാണ് അഹമ്മബാദിലെ ഗിഫ്റ്റ് സിറ്റി. ഐ.സി.എ.ഐ മുൻ പ്രസിഡന്‍റും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ സി.എ അനികേത് തലത്തിയാണ് വെൻചുറോവയുടെ ചരിത്രപരമായ ഈ സന്ദർശനത്തിന് സൗകര്യമൊരുക്കിയത്.
വരും വർഷങ്ങളിൽ 75 ലധികം കമ്പനികളുടെ ഐ.പി.ഒ ലിസ്റ്റിങ് സാധ്യമാക്കാനുള്ള പദ്ധതികളാണ് വെൻചുറോവ സംഘത്തിന്‍റെ പ്രഥമ ദൗത്യം.
എൻ.ആർ.ഐ സംരംഭകർക്കും നിക്ഷേപകർക്കും പര്യാപ്തമായ ഒരു ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ഗിഫ്റ്റ് സിറ്റിയിലെ സാധ്യതകൾ ബോധ്യപ്പെടാൻ ഈ സന്ദർശനം സഹായിച്ചുവെന്ന് വെൻചുറോവ ചെയർമാൻ അയൂബ് കല്ലട, കോ ചെയർമാൻ സി.എ ശിഹാബ് തങ്ങൾ, മാനേജിങ് ഡയറക്ടർ റഫീഖ് അൽമായാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ടി.വി സിദ്ദീഖ് (ഫോറം ഗ്രൂപ്പ്), കെ. ബഷീർ (പാൻഗൾഫ് ഫർണിച്ചർ ഗ്രൂപ്പ്), പി.വി റഷീദ് (ബ്രാനോ ഹോൾഡിങ്സ്), ഹസ്സൈനർ ചുങ്കത്ത് (വേവ്ഡ്‌നെറ്റ് ഗ്രൂപ്പ്) പി. ഫാസിൽ റഹ്മാൻ (ക്ലാസിക് ഗ്രൂപ്പ്), മുഹമ്മദ് ശമീർ (ഡിസൈൻ സൊല്യൂഷൻസ്), ഷൈൻ ഷാജഹാൻ (ഷാജി പെയിന്റ്സ്), ഷഹീർ ഫാറൂഖി (എ.എഫ്. ഇന്‍റർനാഷണൽ ഗ്രൂപ്പ്) തുടങ്ങിയ ബോർഡ് അംഗങ്ങൾ സന്ദർശനത്തിൽ പങ്കാളികളായിരുന്നു.
വാണിജ്യ രംഗത്ത് ഒരു നാഴികക്കല്ലായി അടയാളപ്പെടുത്താൻ പോവുന്ന ഈ ദൗത്യത്തിന്‍റെ ഭാഗമായതിൽ തങ്ങൾ ഏറെ അഭിമാനിക്കുന്നുവെന്ന് ലോജിസ്റ്റിക്സ് ഫെസിലിറ്റേറ്റർ സ്മാർട്ട് ട്രാവൽ ചെയർമാൻ അഫി അഹമ്മദ് (യു.പി.സി) പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

