ഓപറേഷൻ സിന്ദൂർ; ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ കൂടിക്കാഴ്ചകൾ ഇന്നുമുതൽ
text_fieldsഓപറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാൻ യു.എ.ഇയിലെത്തുന്ന ഇന്ത്യൻ പ്രതിനിധി സംഘം. ഇ.ടി മുഹമ്മദ് ബഷീർ എം.പി പങ്കുവെച്ച ചിത്രം
ദുബൈ: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടപ്പിലാക്കിയ ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘത്തിന്റെ യു.എ.ഇയിലെ കൂടിക്കാഴ്ചകൾ വ്യാഴാഴ്ച ആരംഭിക്കും. ശിവസേന എം.പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന സംഘം ബുധനാഴ്ച രാത്രി 11.20നാണ് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
വ്യാഴാഴ്ച രാവിലെ യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനുമായാണ് ആദ്യ കൂടിക്കാഴ്ച ഒരുക്കിയിട്ടുള്ളത്. തുടർന്ന് യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമിയുമായും യു.എ.ഇ പാർലമെന്റായ ഫെഡറൽ നാഷനൽ കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. പിന്നീട് നാഷനൽ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബിയുമായും സംഘം കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നികോലായ് മ്ലദനേവുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തും. ശനിയാഴ്ചയാണ് സംഘം യു.എ.ഇയിൽനിന്ന് മടങ്ങുന്നത്.
ഇന്ത്യയുമായി ശക്തമായ നയതന്ത്ര സഹകരണം നിലനിർത്തുന്ന യു.എ.ഇയിലെത്തുന്ന ദൗത്യ സംഘത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ബാൻസുരി സ്വരാജ് എം.പി, അതുൽ ഗാർഗ് എം.പി, സാംസിത് പാത്ര എം.പി, മനൻകുമാർ മിശ്ര എം.പി, മുൻ പാർലമെന്റ് അംഗം എസ്.എസ്. അഹ്ലുവാലിയ, മുൻ അംബാസഡർ സുജൻ ചിനോയ് എന്നിവർ അംഗങ്ങളാണ്. ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ നടപ്പിലാക്കിയ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും നടപടികളും സംഘം നയതന്ത്രതലങ്ങളിൽ വിശദീകരിക്കും.ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 59 എം.പിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ എന്നിവർ 32 രാജ്യങ്ങളിലേക്കും ബ്രസൽസിലെ യൂറോപ്യൻ യൂനിയൻ ആസ്ഥാനത്തേക്കുമാണ് സഞ്ചരിക്കുന്നത്.
ഏഴ് സംഘങ്ങളാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാനയം, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. സുപ്രധാന ദൗത്യത്തിനായുള്ള പ്രതിനിധി സംഘങ്ങളുടെ ആദ്യ സന്ദർശനമാണ് യു.എ.ഇയിലേക്ക് എത്തിച്ചേർന്നത്. യു.എ.ഇ സന്ദർശനശേഷം ഇതേസംഘം ലൈബീരിയ, കോംഗോ, സിയോറ ലിയോൺ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

