ഓപറേഷൻ സിന്ദൂർ; യു.എ.ഇക്ക് നന്ദി അറിയിച്ച് ഇന്ത്യ
text_fieldsവിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബൂദബിയിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ഓപറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന് യു.എ.ഇയിലെത്തിയ ഇന്ത്യൻ പ്രതിനിധിസംഘത്തിന് നൽകിയ സ്വീകരണത്തിൽ നന്ദി അറിയിച്ച് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബൂദബിയിലെത്തിയാണ് രാജ്യത്തിന്റെ കൃതജ്ഞത രേഖപ്പെടുത്തിയത്. മന്ത്രിമാർ അടക്കമുള്ളവരുമായി മിസ്രി കൂടിക്കാഴ്ച നടത്തി.പാർലമെന്റ് അംഗങ്ങൾ ഉൾപ്പെട്ട ഉന്നതതല ദൗത്യസംഘം ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിക്രം മിസ്രി യു.എ.ഇയിലെത്തിയത്. യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാശിമി, ഫെഡറൽ നാഷനൽ കൗൺസിലിലെ പ്രതിരോധ-വിദേശകാര്യ-ആഭ്യന്തര സമിതി ചെയർമാൻ ഡോ. അലി നുഐമി തുടങ്ങിയവരുമായി മിസ്രി കൂടിക്കാഴ്ച നടത്തി. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും വിദേശകാര്യ സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. ഇരു രാഷ്ട്രങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭീകരവാദത്തിനെതിരെ യോജിച്ചു പ്രവർത്തിക്കുന്നതും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പാർലമെന്ററി സഹകരണവും ചർച്ചയായി. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മേയ് 22, 23 തീയതികളിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ യു.എ.ഇ സന്ദർശനം. ശിവസേന എം.പി ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ നയിച്ച സംഘത്തിൽ കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ അടക്കമുള്ളവരുണ്ടായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന എല്ലാ നീക്കത്തിനും യു.എ.ഇ തുറന്ന പിന്തുണ നൽകിയതായി വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ദൗത്യസംഘം വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.