ഓപറേഷൻ സിന്ദൂർ ;ഇന്ത്യൻ നിലപാട് വിശദീകരിച്ച് പ്രതിനിധി സംഘം
text_fieldsഇന്ത്യൻ നിലപാട് വിശദീകരിക്കാൻ യു.എ.ഇയിലെത്തിയ പ്രതിനിധി സംഘം യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനൊപ്പം
ദുബൈ: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടപ്പിലാക്കിയ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് യു.എ.ഇ പ്രമുഖരുടെ മുമ്പിൽ വിശദീകരിച്ച് കേന്ദ്ര പ്രതിനിധി സംഘം. വ്യാഴാഴ്ച രാവിലെ യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനുമായാണ് ആദ്യ കൂടിക്കാഴ്ച നടന്നത്.
ഭീകരതയെ നേരിടുന്നതിൽ ഇന്ത്യയും യു.എ.ഇയും ഒരുമിച്ചുനിൽക്കുമെന്നും യു.എ.ഇ ഇന്ത്യക്കൊപ്പം എപ്പോഴും നിലയുറപ്പിക്കുമെന്നും ശൈഖ് നഹ്യാൻ വ്യക്തമാക്കി. ശ്രീകാന്ത് ഏകനാഥ് ഷിൻഡെ എം.പി നയിക്കുന്ന സംഘത്തിനൊപ്പം യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തുടർന്ന് യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുടെ നിലപാട് വിശദീകരിക്കുകയും ചെയ്തു.
സംഭാഷണം ഫലപ്രദമായിരുന്നുവെന്നും ഭീകരതക്കെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്ന അഭിപ്രായമാണ് എല്ലാവരും പങ്കുവെച്ചതെന്നും തുടർന്ന് ശ്രീകാന്ത് ഏകനാഥ് ഷിൻഡെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്ത്യൻ ഭരണകൂടം മാത്രമല്ല, ജനതയും യു.എ.ഇയുടെ തന്ത്രപ്രധാന പങ്കാളിയാണെന്ന് കൂടിക്കാഴ്ചക്കുശേഷം ഡോ. അലി റാശിദ് അൽ നുഐമി പറഞ്ഞു. ഭീകരത ഒരു രാജ്യത്തിനോ പ്രദേശത്തിനോ മാത്രമുള്ള ഭീഷണിയല്ല, മറിച്ച് ആഗോളതലത്തിൽ തന്നെയുള്ള ഭീഷണിയാണ്. അന്താരാഷ്ട്ര സമൂഹമെന്ന നിലയിൽ, എല്ലാവർക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിനായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷനൽ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബിയുമായും സംഘം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഭീകരതയും തീവ്രവാദവും തടയുന്നതിലെ മാധ്യമങ്ങളുടെ പങ്ക് ഇരു വിഭാഗവും ചർച്ച ചെയ്തു. വൈകുന്നേരം ആറിന് അബൂദബി ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ബിസിനസ് രംഗത്തെയും മറ്റും പ്രമുഖരുമായും സംഘം സംവദിച്ചു. വെള്ളിയാഴ്ച അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നികോലായ് മ്ലദനേവുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തും. ദുബൈയിൽ മാധ്യമങ്ങളെയും കാണുന്നുണ്ട്. യു.എ.ഇയിലെത്തിയ ദൗത്യസംഘത്തിൽ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ബാൻസുരി സ്വരാജ്, അതുൽ ഗാർഗ്, സാംസിത് പാത്ര, മനൻകുമാർ മിശ്ര, മുൻ പാർലമെന്‍റ് അംഗം എസ്.എസ്. അഹ്ലുവാലിയ, മുൻ അംബാസഡർ സുജൻ ചിനോയ് എന്നിവർ അംഗങ്ങളാണ്.
വ്യാഴാഴ്ച പുലർച്ചയാണ് സംഘം അബൂദബിയിലെത്തിയത്. അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗം അഹ്മദ് മിർ ഖൗറിയും ചേർന്ന് സംഘത്തെ സ്വീകരിച്ചു. യു.എ.ഇ സന്ദർശനശേഷം ഇതേ സംഘം ലൈബീരിയ, കോംഗോ, സിയറാ ലിയോൺ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

