ഒപെക് നിർണായക യോഗം ഇന്ന്; എണ്ണ ഉൽപാദനം വർധിപ്പിക്കാൻ യു.എ.ഇയുടെ പിന്തുണ
text_fieldsദുബൈ: എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒപെകിെൻറ മന്ത്രിതല നിർണായക യോഗം തിങ്കളാഴ്ച നടക്കും. ആഗസ്റ്റ് മുതൽ പ്രതിദിന എണ്ണ ഉൽപാദനം രണ്ടു ദശലക്ഷം ബാരലായി ഉയർത്താനുള്ള തീരുമാനത്തിന് യു.എ.ഇയും പിന്തുണ അറിയിച്ചു. ഇതോടെ എണ്ണ ഉൽപാദനം വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന യോഗം നിർണായക തീരുമാനമെടുക്കും.
ഉൽപാദനം ഉയർത്തുന്നത് സംബന്ധിച്ച് ഒപെക് അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഇത് പരിഹരിക്കാൻ മന്ത്രിതല യോഗത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, എണ്ണയുടെ കാര്യത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് യു.എ.ഇ നിർദേശിച്ചു. 2022 ഏപ്രിൽ മുതൽ കൃത്യമായ പദ്ധതിയും അവലോകനവുമുണ്ടാകണം.
വ്യക്തതയും ആസൂത്രണവും ഇക്കാര്യത്തിലുണ്ടാകണമെന്ന നിർദേശവും യു.എ.ഇ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതും ചർച്ച ചെയ്യും. 2030ഓടെ പ്രതിദിന ഉൽപാദനം അഞ്ചു ദശലക്ഷം ബാരലായി ഉയർത്തണമെന്നാണ് യു.എ.ഇയുടെ പദ്ധതി. ഇതിനായി വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ ബാരലിന് 75, 76 ഡോളറാണ് നിരക്ക്. എണ്ണവില ബാരലിന് 80ന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചിരുന്നു.

