ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൻതുക തിരികെ നൽകാൻ ഉത്തരവ്
text_fieldsഅബൂദബി: ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച യുവാവിനോട് ഇരക്ക് 3,96,058 ദിര്‍ഹം തിരികെ നല്‍കാനും നഷ്ടപരിഹാരമായി അമ്പതിനായിരം ദിര്‍ഹം നല്‍കാനും ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി. ട്രേഡിങ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുമെന്ന പ്രതിയുടെ വാക്ക് വിശ്വസിച്ച് താന്‍ വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയെന്ന് പരാതിക്കാരന് കോടതിയിൽ ബോധിപ്പിച്ചു.
പരാതിക്കാരന് പണം നിക്ഷേപിച്ച ട്രേഡിങ് പ്ലാറ്റ്ഫോമിന് ഔദ്യോഗിക രജിസ്ട്രേഷന് പോലുമില്ലെന്നും കോടതി കണ്ടെത്തി. താന്‍ നിക്ഷേപിച്ച പണവും നഷ്ടപരിഹാരമായി ഒരുലക്ഷം ദിര്‍ഹമും പ്രതിയില്‍നിന്ന് ഈടാക്കി നല്‍കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. തന്റെ കോടതിച്ചെലവുകളും അഭിഭാഷകന്റെ ഫീസും പ്രതിഭാഗം വഹിക്കണമെന്നും പരാതിക്കാരന് വാദിച്ചു. ട്രേഡിങ് പ്ലാറ്റ്ഫോം സുരക്ഷിതമാണെന്നു വിശ്വസിപ്പിച്ച പ്രതി പരാതിക്കാരന് ആദ്യം ലാഭം നല്‍കുകയും ചെയ്തിരുന്നു.
ഇതോടെ കൂടുതല്‍ വിശ്വാസം വന്ന പരാതിക്കാരന് കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. പ്രതി മനപ്പൂര്‍വം തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് ഇതടക്കമുള്ള തെളിവുകള്‍ പരിശോധിച്ച കോടതിക്ക് ബോധ്യമാവുകയും ചെയ്തതോടെയാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

