‘കുട്ടികളുടെ ഓൺലൈൻ ഷോപ്പിങ് കുട്ടിക്കളിയല്ല’; മാതാപിതാക്കളുടെ മേൽനോട്ടം അനിവാര്യമെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ
text_fieldsഷാർജ: സ്മാർട്ട്‌ഫോണുകൾ, ഡെലിവറി ആപ്പുകൾ, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവ കുട്ടികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഷാർജ ഫാമിലി ആൻഡ് കമ്യൂണിറ്റി കൗൺസിലിന് കീഴിലുള്ള ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ. സാങ്കേതികവിദ്യ നൽകുന്ന സൗകര്യങ്ങൾ ഒരിക്കലും കുടുംബത്തിന്റെ മേൽനോട്ടത്തിന് പകരമാകരുതെന്ന് ഓർഗനൈസേഷൻ ഓർമിപ്പിച്ചു.
ഭക്ഷണ വിതരണം, ഷോപ്പിങ്, ദൈനംദിന ആവശ്യങ്ങൾ എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിലൂടെ ഡെലിവറി സേവനങ്ങൾ കുടുംബജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കുട്ടികൾ സ്വന്തമായി ഈ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, അവർക്ക് എന്തൊക്കെ ഓർഡർ ചെയ്യാം, എങ്ങനെ പണം നൽകാം, വീട്ടിൽ ഡെലിവറി സ്വീകരിക്കാൻ അനുവാദമുണ്ടോ എന്നതിനെക്കുറിച്ച് മാതാപിതാക്കൾ വ്യക്തമായ അതിർവരമ്പ് നിശ്ചയിക്കണം.
ചില കുട്ടികൾ മാതാപിതാക്കളുടെ അറിവില്ലാതെ ഭക്ഷണമോ കളിപ്പാട്ടം പോലുള്ള സാധനങ്ങളോ ഓർഡർ ചെയ്യാൻ ഫോൺ ഉപയോഗിച്ചേക്കാം. സാധനങ്ങൾ എത്തുമ്പോൾ അത് സ്വന്തമായി കൈപ്പറ്റാനും ശ്രമിക്കും. ഈ ശീലങ്ങൾ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം.
മുതിർന്നവരുടെ അറിവോടും അനുവാദത്തോടും കൂടിയല്ലാതെ ഓൺലൈൻ ഷോപ്പിങ്ങും ഡെലിവറിയും നടക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ നിർദേശിച്ചു.
“സാധനങ്ങൾ വാങ്ങുക, പണം നൽകുക, വിലാസം നൽകുക, വീടിന് പുറത്തുള്ള ഒരാളോട് ഇടപഴകുക എന്നിവ പോലെ, മുമ്പ് കുടുംബത്തിലൂടെ മാത്രം നടന്നിരുന്ന കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ആപ്പുകൾ ഇപ്പോൾ കുട്ടികളെ അനുവദിക്കുന്നു. കുട്ടികൾ ആപ്പുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. അവർ ഓർഡർ ചെയ്യുന്നതും കൈപ്പറ്റുന്നതും എന്താണ് എന്നതു കൂടിയാണ്. സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ബോധവും പരിചയവും ഉണ്ടാകുന്നതിന് മുമ്പ് അവർക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം’ -ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സാലിഹ് അൽ യാഫെ പറഞ്ഞു,
ഏതൊരു പർച്ചേസും ഡെലിവറിയും കുടുംബത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയായിരിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ ആപ്പ് ക്രമീകരണങ്ങൾ പരിശോധിക്കുകയും ബാങ്ക് കാർഡ് വിവരങ്ങൾ സേവ് ചെയ്യുന്നത് ഒഴിവാക്കുകയും വേണം. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പെട്ടെന്നുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ നൽകുന്നത് ഒഴിവാക്കണമെന്നും ഓർഗനൈസേഷൻ കുടുംബങ്ങൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

